February 27, 2024

‘നടി നിക്കി ഗൽറാണിയുടെ വീട്ടിൽ മോഷണം, ജോലിക്കാരൻ ധനുഷ് പിടിയിൽ..’ – സംഭവം ഇങ്ങനെ

നിവിൻ പൊളി നായകനായ 1983 എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി നിക്കി ഗൽറാണി. പിന്നീട് പല ഭാഷകളിൽ നിരവധി സിനിമകളിൽ അഭിനയിച്ച താരത്തിന് തെന്നിന്ത്യയിൽ ഒട്ടാകെ ഒരുപാട് ആരാധകരുമുണ്ട്. ഇപ്പോഴിതാ നടിയുടെ വീട്ടിൽ നിന്ന് 1.2 ലക്ഷം രൂപ വിലമതിക്കുന്ന സാധനങ്ങൾ മോഷ്ടിക്കപ്പെട്ടതായി താരം പൊലീസിന് പരാതി നൽകിയിരുന്നു.

ജനുവരി 11-നാണ് സംഭവം നടന്നത്. നിക്കി പൊലീസിൽ പരാതിപ്പെടുകയും വീട്ടിൽ ജോലി ചെയ്തിരുന്നു ധനുഷ് എന്ന 19-കാരനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. തമിഴ് നാട്ടിലെ വൃദ്ധാചലത്തിനടുത്തുള്ള ഒരു ഗ്രാമത്തിൽ താമസിച്ചിരുന്ന യുവാവ് കഴിഞ്ഞ അഞ്ച് മാസമായി നിക്കി ഗൽറാണിയുടെ വീട്ടിൽ ജോലി ചെയ്തു വരികയായിരുന്നു. ഈ തിങ്കളാഴ്ച തിരുപ്പൂരിൽ വെച്ചാണ് ധനുഷിനെ പൊലീസ് പിടികൂടിയത്.

ജനുവരി 11-ന് ധനുഷ് ഒരു പൊതിയുമായി വീട്ടിൽ നിന്ന് ഇറങ്ങുന്നത് നിക്കി കണ്ടു. നടി പിന്തുടരാൻ ശ്രമിച്ചപ്പോൾ ധനുഷ് ഓടി രക്ഷപ്പെട്ടെന്നും പറയുന്നു. വൃദ്ധാചലത്തെ ധനുഷിന്റെ വീട്ടിൽ നിന്ന് നായയുടെ മുടി നീക്കം ചെയ്യുന്ന യന്ത്രവും നടിയുടെ മോഷ്ടിച്ച ഏതാനും വസ്ത്രങ്ങളും പോലീസ് കണ്ടെടുത്തു. ഇത് കൂടാതെ 40000 രൂപ വില വരുന്ന ക്യാമറയും ചില വിലപിടിപ്പുള്ള സാധനങ്ങളും യുവാവ് മോഷ്ടിച്ചിരുന്നു.

എന്നാൽ നടിക്ക് എതിരെ വി.സി.കെ ഭാരവാഹി ചെല്ലദുരൈ ഒരു പരാതി നൽകിയിട്ടുണ്ട്. നടി ധനുഷിനെ തടഞ്ഞുവച്ചിരിക്കുകയായിരുന്നെന്നും നടിയെ അന്വേഷണത്തിന് വിളിപ്പിക്കണമെന്നും ആവശ്യപ്പെട്ടുമാണ് ആ പരാതിയിൽ പറഞ്ഞിരിക്കുന്നത്. പൊലീസ് ഇതും അന്വേഷിച്ചുവരികയാണെന്നും റിപ്പോർട്ടുകളുണ്ട്. ഒമർ ലുലു സംവിധാനം ചെയ്ത ധമാക്കയാണ് താരം അവസാനമായി അഭിനയിച്ച മലയാള ചിത്രം.