തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും അഭിനയിച്ച് ഒരു ഇടവേളയ്ക്ക് ശേഷം സിനിമയിൽ വീണ്ടും സജീവമായി കൊണ്ടിരിക്കുന്ന താരമാണ് നടി അഭിരാമി. കഥാപുരുഷൻ എന്ന സിനിമയിലാണ് അഭിരാമി ആദ്യമായി അഭിനയിക്കുന്നത്. ഞങ്ങൾ സന്തുഷ്ടരാണ് എന്ന ചിത്രത്തിൽ നായികയായി തുടക്കം കുറിക്കുകയും ചെയ്തു. അതിന് ശേഷം അന്യഭാഷകളിൽ നിന്ന് വരെ അഭിരാമിക്ക് അവസരങ്ങൾ ലഭിച്ചു.
2004 വരെ സിനിമയിൽ വളരെ സജീവമായി നിന്ന് അഭിരാമി പഠനത്തിന്റെ ഭാഗമായി അമേരിക്കയിലേക്ക് പോയി. ഇപ്പോഴിതാ ആ സമയത്ത് താൻ ചെയ്തിട്ടുള്ള പണികളെ കുറിച്ച് ഒരു അഭിമുഖത്തിൽ അഭിരാമി വെളിപ്പെടുത്തിയിരിക്കുകയാണ്. “ഇവിടെ പണിയെടുത്തിട്ട് യു.എസിൽ കൊണ്ട് പഠിക്കാൻ കൊടുക്കുന്നത് നല്ല കൺവെർഷൻ റേറ്റാണ്. അതുകൊണ്ട് ഇവിടുത്തെ ഒന്നും നമ്മുക്ക് ശരിയാവുകയില്ല.
ഞാൻ മിഡിൽ ക്ലാസ്സിൽ വളർന്ന കുട്ടിയാണ്. അവിടെ ഞാൻ പല ജോലികൾ ചെയ്തിട്ടുണ്ട്. ലൈബ്രറിയിൽ ജോലി ചെയ്തിട്ടുണ്ട്, കിച്ചണിൽ വർക്ക് ചെയ്തിട്ടുണ്ട്, അഡ്മിഷൻ ഓഫീസിൽ വർക്ക് ചെയ്തിട്ടുണ്ട്, അതിന് ശേഷം എനിക്ക് പ്രൊമോഷൻ ലഭിച്ച് ഇന്റർവ്യൂ ചെയ്യാൻ അവസരം ലഭിച്ചിട്ടുണ്ട്. എവിടുന്ന് ഒക്കെ കാശ് ലഭിക്കുന്ന പണിയുണ്ടോ അതൊക്കെ ചെയ്യും. നാല് വർഷം കൊണ്ട് തീരേണ്ട കോഴ്സ് ഞാൻ മൂന്നര വർഷം കൊണ്ട് തീർത്തു.
ഇതിലൂടെ എനിക്ക് ആയിരക്കണക്കിന് ഡോളറുകൾ സേവ് ചെയ്യാൻ പറ്റി. ഇന്ത്യൻ രൂപയിലേക്ക് നോക്കുമ്പോൾ അതൊരുപാട് പണമാണ്, പൊതുവേ ഞാനൊരു പിശുക്കി ആണെന്ന് എല്ലാവരും പറയാറുണ്ട്. ആവശ്യത്തിന് മാത്രമേ ഞാൻ പണം ചിലവാക്കാറുള്ളു, എന്തെങ്കിലും കൂടുതൽ ചിലവാക്കിയാൽ അത് ആഹാരത്തിന് വേണ്ടി ആയിരിക്കും..”, അഭിരാമി പറഞ്ഞു. 2009-ലായിരുന്നു അഭിരാമിയുടെ വിവാഹം നടന്നത്. ഒരു കുഞ്ഞിനെ അഭിരാമി ദത്ത് എടുക്കുകയും ചെയ്തിരുന്നു.