‘കാശ്മീരിലെ 900 വർഷം പഴക്കമുള്ള മാമൽ ക്ഷേത്രത്തിൽ പോകാൻ സാധിച്ചതിൽ അഭിമാനിക്കുന്നു..’ – നടൻ മണിക്കുട്ടൻ

വർണ്ണചിറകുകൾ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് വന്ന് പിന്നീട് വിനയൻ സംവിധാനം ചെയ്ത ബോയ് ഫ്രണ്ടിലൂടെ മലയാളികൾക്ക് പ്രിയങ്കരനായി മാറിയ താരമാണ് നടൻ മണിക്കുട്ടൻ. പിന്നീട് അങ്ങോട്ട് സിനിമയിൽ ചെറുതും വലുതുമായ ധാരാളം കഥാപാത്രങ്ങൾ മണിക്കുട്ടൻ അവതരിപ്പിച്ചു. സൂര്യ ടിവിയിലെ കായംകുളം കൊച്ചുണ്ണി എന്ന പരമ്പരയും മണിക്കുട്ടൻ ആരാധകരെ നേടിക്കൊടുക്കാൻ വലിയ പങ്കുവഹിച്ചു.

ഒരു സമയം കഴിഞ്ഞപ്പോൾ സിനിമയിൽ ചെറിയ വേഷങ്ങളിലേക്ക് ഒതുങ്ങി പോകുമെന്ന് തോന്നുകയും വളരെ കുറച്ച് സിനിമകൾ മാത്രം ലഭിക്കുന്ന സാഹചര്യവും ഉണ്ടായപ്പോഴാണ് മണിക്കുട്ടൻ ഏഷ്യാനെറ്റിൽ ബിഗ് ബോസിൽ മത്സരാർത്ഥിയായി വരുന്നത്. തുടക്കം മുതൽ തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട മത്സരാർത്ഥിയായി മാറിയ മണിക്കുട്ടൻ ആ സീസണിലെ വിജയിയായ ശേഷമാണ് മടങ്ങിയത്. അത് മണിക്കുട്ടന് വലിയ ഗുണമായി.

2021-ൽ പുറത്തിറങ്ങിയ നവരസ എന്ന തമിഴ് സീരീസിലാണ് മണിക്കുട്ടൻ അവസാനമായി അഭിനയിച്ചത്. ഇപ്പോഴിതാ കാശ്മീരിൽ യാത്ര പോയതിന്റെ ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് മണിക്കുട്ടൻ. കാശ്മീരിലെ 900 വർഷം പഴക്കമുള്ള മാമൽ ക്ഷേത്രത്തിൽ പോകാൻ സാധിച്ചതിന്റെ സന്തോഷവും പങ്കുവച്ചു. “കാശ്മീർ താഴ്‌വരയിലെ പഹൽഗാം പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന മാമൽ ക്ഷേത്ര നടയിലേക്ക് രാവിലെ കുളിച്ചു അര മണിക്കൂറോളം നടന്നു ദർശനം നടത്തി.

ക്ഷേത്രനടയിലെ പരിസരവും പ്രദേശങ്ങളും വൃത്തിയാക്കുന്ന പ്രിയപ്പെട്ട അബ്ദുൽ റഹ്മാൻ ബ്രോയാണ് ചിത്രം പകർത്തിയത്. സ്നേഹപൂർവം ഈ ചിത്രത്തിനു നന്ദി അറിയിക്കുന്നു.. ചരിത്രം ഉറങ്ങുന്ന, 900 വർഷം പഴക്കമുള്ള ക്ഷേത്രത്തിൽ പോകാൻ സാധിച്ചതിൽ ഞാൻ അഭിമാനിക്കുന്നു..”, മണിക്കുട്ടൻ കുറിച്ചു. പഴയതിലും സ്ലിമായിട്ടാണ് ഇപ്പോൾ മണിക്കുട്ടനെ കാണാൻ സാധിക്കുന്നത്. പുതിയ സിനിമയ്ക്ക് വേണ്ടിയാണോ ഇന്ന് ആരാധകർ ചോദിക്കുന്നുണ്ട്.