November 29, 2023

‘അവസാനം കണ്ടപ്പോൾ കഷണ്ടി തലയിൽ കെട്ടിപിടിച്ച് ഉമ്മ കൊടുത്തിട്ടാണ് ഇറങ്ങിയത്..’ – വേദന പങ്കുവച്ച് അഭയ ഹിരണ്മയി

സിനിമ, സീരിയൽ, നാടക രംഗത്ത് കഴിഞ്ഞ 50 വർഷത്തിന് അടുത്ത് സജീവമായി നിന്ന നടൻ കൊച്ചു പ്രേമന്റെ മരണ വാർത്ത മലയാളി പ്രേക്ഷകരെ ഒന്നടങ്കം സങ്കടത്തിലേക്ക് തള്ളിവിട്ടിരുന്നു. 67 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രയിലായിരുന്നു അന്ത്യം. മലയാളത്തിലെ മികച്ച ഹാസ്യനടന്മാരിൽ ഒരാളായിരുന്നു കൊച്ചുപ്രേമൻ. പ്രേക്ഷകരെ ചിരിപ്പിച്ചിട്ടുള്ള ധാരാളം കഥാപാത്രങ്ങളാണ് അദ്ദേഹത്തിൽ നിന്ന് കണ്ടിട്ടുള്ളത്.

അദ്ദേഹത്തിന്റെ ഭാര്യ ഗിരിജയും സിനിമ, സീരിയൽ താരമാണ്. അദ്ദേഹത്തിന്റെ അടുത്ത ബന്ധുവാണ് ഗായിക അഭയ ഹിരണ്മയി. അമ്മാവന്റെ വേർപാടിൽ മനംനൊന്ത് വേദനയോടെ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് അഭയ. അദ്ദേഹത്തിന്റെ മരുമകളാണല്ലോ എന്നോർത്ത് താൻ ഒരുപാട് തവണ അഭിമാനം കൊണ്ടിട്ടുണ്ടെന്ന് അഭയ പോസ്റ്റിലൂടെ പങ്കുവച്ചു. “അവസാനം കണ്ടിറങ്ങുമ്പോൾ കഷണ്ടി തലയിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തിട്ടാണ് ഇറങ്ങിയത്. എല്ലാ പ്രവിശ്യത്തെയും പോലെ!

ചില്ലുകൂട്ടിലെ അവാർഡുകളെയും അംഗീകാരങ്ങളെക്കാളും അദ്ദേഹം ചെയ്തുവെച്ചിരുന്ന അസാമാന്യ ക്രഫ്റ്റ് സൃഷ്ടികളെ നോക്കി നിന്നിട്ടുണ്ട്. വഴിയിൽ വലിച്ചെറിയുന്ന മിട്ടായിതുണ്ടുപോലും മാമന്റെ വീട്ടിലെ ഫ്ലവർക്കേസിലെ ഫ്ലവറാണ്. മണിക്കൂറുകളോളം ഇരുന്ന് അതിനുവേണ്ടി ആസ്വദിച്ചു പണി എടുക്കുന്നത് കാണുമ്പോ ഞാൻ ഈ കലാകാരന്റെ മരുമകളാണല്ലോയെന്ന് എത്ര വട്ടം അഭിമാനം കൊണ്ടിട്ടുണ്ട്.

കുടുംബത്തിൽ അദ്ദേഹം ഒരുപാട് സീരിയസായ ഒരാളായിരുന്നുവെങ്കിലും വായ തുറന്നാൽ ചുറ്റുമിരിക്കുന്നവർക്ക് ചിരിക്കാൻ വകയുണ്ടാക്കും. ഞാൻ കണ്ട പൂർണ കലാകാരന് ,കുടുംബത്തിന്റെയും കൂടെ അഭിമാനമായ അഭിനേതാവിന് പരിഭവിച്ചതും ഉമ്മവച്ചതും സമ്മാനങ്ങൾ തന്നതിനുമൊക്കെ കെട്ടിപിടിച്ചു നൂറു ഉമ്മ!! ഞങ്ങളുടെ രാജു മാമന്..”, അഭയ വേദനയോടെ തന്റെ ഓർമ്മകൾ പങ്കുവച്ചു.