പ്രിയ വാര്യർ എന്ന താരത്തിനെ മലയാളികൾക്ക് സുപരിചിതയാക്കി മാറ്റിയ ചിത്രമായിരുന്നു ഒരു അടാർ ലവ്. ആ സിനിമയുടെ റിലീസിന് മുമ്പ് അതിലെ ഗാനം ഇറങ്ങിയ ശേഷം സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ പ്രിയ വാര്യർ ഇന്ത്യ ഒട്ടാകെ ആരാധകർ ഉണ്ടായി. അന്യഭാഷകളിൽ നിന്ന് വരെ അവസരങ്ങൾ പ്രിയ വാര്യർക്ക് ലഭിച്ചു. ഒരു അടാർ ലവിന് ശേഷം പ്രിയ വാര്യരുടെ മലയാള സിനിമ ഒന്നും ഇറങ്ങിയിരുന്നില്ല.
എങ്കിൽ ഇപ്പോഴിതാ പ്രിയ വാര്യർ നായികയായി എത്തുന്ന ‘4 ഇയേഴ്സ്’ എന്ന സിനിമ റിലീസിന് ഒരുങ്ങുകയാണ്. സർജനോ ഖാലിദും പ്രിയ വാര്യരും കേന്ദ്രകഥാപാത്രങ്ങളാകുന്ന 4 ഇയേഴ്സ് ഒരു ക്യാമ്പസ് പശ്ചാത്തലമാക്കിയ പ്രണയ ചിത്രമാണ്. സിനിമയുടെ ട്രെയിലർ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. സണ്ണി എന്ന ചിത്രത്തിന് ശേഷം രഞ്ജിത്ത് ശങ്കറാണ് സിനിമയുടെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.
രഞ്ജിത്ത് ശങ്കറിന്റെ പതിനാലാമത്തെ സിനിമ കൂടിയാണ് ഇത്. പ്രിയ വാര്യർ എന്ന താരത്തിന്റെ മലയാള സിനിമയിലെ മികച്ച ഒരു കഥാപാത്രമായിരിക്കും 4 ഇയേഴ്സിലെ എന്ന് ട്രെയിലറിൽ നിന്ന് വ്യക്തമാണ്. സർജനോയ്ക്കും മികച്ച അഭിനയ മുഹൂർത്തങ്ങളുള്ള സീനുകളുമുണ്ട്. ഏറെ നാളിൽ ഒരു ക്യാമ്പസ് പ്രണയ ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്ന മലയാളി പ്രേക്ഷകർക്ക് ഒരു പുതു അനുഭവമായിരിക്കും ഇത്.
ഡ്രീംസ് ആൻഡ് ബിയോണ്ടിന്റെ ബാനറിൽ രഞ്ജിത്ത് ശങ്കറും നടൻ ജയസൂര്യയും ചേർന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. മ്യൂസിക്കിന് കൂടി പ്രാധാന്യം നൽകിയിരിക്കുന്ന സിനിമയിൽ എട്ടോളം പാട്ടുകളുമുണ്ട്. സാന്ദ്ര മാധവ്, സന്ധൂപ് നാരായണൻ, ആരതി മോഹൻ, അനു എലിസബത്ത്, വിവേക് മുഴുക്കുന്ന്, രഞ്ജിത്ത് ശങ്കർ എന്നിവർ എഴുതിയ ഗാനങ്ങൾക്ക് ശങ്കർ ശർമ്മയാണ് സംഗീതം ചെയ്തിരിക്കുന്നത്. ഈ മാസം തന്നെ സിനിമയുടെ റിലീസ് ഉണ്ടായിരിക്കും.