‘അപേക്ഷയാണ്, ആരെയും ശല്യപ്പെടുത്താതെ ജീവിക്കുന്ന എന്നെ ശല്യപെടുത്തരുത്..’ – പ്രതികരിച്ച് ശരണ്യ മോഹൻ
മലയാളം, തമിഴ് ഭാഷകളിൽ നിരവധി സിനിമകളിൽ അഭിനയിച്ച് ഒരുപാട് ആരാധകരെ ഉണ്ടാക്കിയ താരമാണ് നടി ശരണ്യ മോഹൻ. അനിയത്തി കഥാപാത്രങ്ങളാണ് താരത്തെ തേടി കൂടുതലായി എത്തിയത്. അതുകൊണ്ട് തന്നെ ഒരു അനിയത്തികുട്ടിയാട്ടാണ് ഇപ്പോഴും പ്രേക്ഷകർ ആ താരത്തെ കാണുന്നത്. ബാലതാരമായി സിനിമയിൽ എത്തിയ താരമാണ് ശരണ്യ.
അനിയത്തി പ്രാവ് എന്ന സിനിമയിൽ ശാലിനിയുടെ ചേട്ടന്റെ മകളായി അഭിനയിച്ചാണ് അഭിനയരംഗത്തേക്ക് വരുന്നത്. അതിന്റെ തന്നെ തമിഴ് റീമേക്കിലും താരം അഭിനയിച്ചിട്ടുണ്ട്. പിന്നീട് 2008 മുതലാണ് ശരണ്യ കൂടുതലായി സിനിമയിൽ ശ്രദ്ധകൊടുത്തു തുടങ്ങുന്നത്. ഇതിനിടയിൽ താരം ചില സിനിമകളിൽ അഭിനയിച്ചിരുന്നു.
വേലായുധം എന്ന സിനിമയിൽ വിജയ്യുടെ പെങ്ങളായി അഭിനയിച്ച ശേഷമാണ് താരത്തിന് ഒരുപാട് ആരാധകരുണ്ടായത്. മലയാളത്തിൽ തമിഴിലും ഒരുപാട് ചിത്രങ്ങളുടെ ഭാഗമായ ശരണ്യ 2015ൽ ദീർഘനാളായി സുഹൃത്തായിരുന്നു അരവിന്ദ് കൃഷ്ണനുമായി വിവാഹിതയാവുകയും വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തു.
സോഷ്യൽ മീഡിയകളിൽ സജീവമായ താരം അതിലൂടെ തന്റെ വിശേഷങ്ങളും ഫോട്ടോസും പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തനിക്ക് സോഷ്യൽ മീഡിയയിൽ ഇൻബോക്സിൽ വന്ന മോശം മെസ്സേജ് സ്ക്രീൻഷോട്ട്, ആളുടെ അക്കൗണ്ട് ലിങ്ക് സഹിതം പോസ്റ്റ് ചെയ്തിരിക്കുകയാണ് ശരണ്യ. എന്തുകൊണ്ട് ഇൻബോക്സിൽ മെസ്സേജിന് റിപ്ലൈ കൊടുക്കുന്നില്ല എന്ന പലപ്പോഴും ചോദിക്കുന്ന ആളുകളോട് താരത്തിന് മറുപടിയായി പറയാനുള്ളത് ഇതാണ്.
ഇതുപോലുള്ള മെസേജുകളുടെ അതിപ്രസരമാണ് ഇൻബോക്സിൽ. ഇനിയും ഇത് തുടരാൻ പറ്റില്ലയെന്നും പൊലീസിന് പരാതി കൊടുക്കാൻ പോവുകയാണെന്നും താരം കുറിച്ചു. ഇത്തരം മെസേജ് അയക്കുന്നവരുടെ ഫോട്ടോയും സ്ക്രീൻഷോട്ടും ഇനിയും പോസ്റ്റ് ചെയ്യുന്നതാണെന്നും താരം പോസ്റ്റിൽ രേഖപ്പെടുത്തി. ആരെയും ശല്യപ്പെടുത്താതെ ജീവിക്കുന്ന തന്നെയും ആരും ശല്യം ചെയ്യരുതെന്നും ശരണ്യ പ്രതികരിച്ചു.