വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ പ്രണവ് മോഹൻലാൽ നായകനായി അഭിനയിച്ച ‘ഹൃദയം’ എന്ന സിനിമ തിയേറ്ററുകളിൽ മികച്ച വിജയം നേടി മുന്നേറി കൊണ്ടിരിക്കുകയാണ്. പ്രണവിന്റെ സിനിമ ജീവിതത്തിൽ തന്നെ ഏറ്റവും വലിയ വിജയമായി ഹൃദയം മാറി കഴിഞ്ഞു. ഇതിന് മുമ്പ് പ്രണവ് അഭിനയിച്ച സിനിമകളേക്കാൾ മികച്ച അഭിപ്രായമാണ് പ്രണവിന്റെ പ്രകടനത്തിനും ലഭിച്ചിട്ടുള്ളത്.
സിനിമ രംഗത്ത് പ്രവർത്തിക്കുന്ന പലരും പ്രണവിന്റെ സിനിമയിലെ അഭിനയത്തിനെ പുകഴ്ത്തി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകൾ ഇട്ടിട്ടുണ്ടായിരുന്നു. അച്ഛന്റെ മകൻ തന്നെയാണെന്ന് തെളിയിച്ചുകൊണ്ടുള്ള പ്രകടനമാണ് പ്രണവ് ഹൃദയത്തിൽ കാഴ്ചവച്ചിട്ടുള്ളത്. ഇപ്പോഴിതാ സിനിമ കണ്ട ശേഷമുള്ള അഭിപ്രായം ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുകയാണ് പ്രണവിന്റെ അനിയത്തി വിസ്മയ മോഹൻലാൽ.
ഇൻസ്റ്റാഗ്രാമിൽ സ്റ്റോറിയായി പോസ്റ്റ് ചെയ്താണ് വിസ്മയ തന്റെ അഭിപ്രായം പങ്കുവച്ചത്. ‘അവസാനം ഇത് കണ്ടു.. എനിക്ക് വാക്കുകളില്ല. എന്തൊരു യാത്ര. വളരെ മനോഹരം!! ഇതിനെക്കുറിച്ചുള്ള എല്ലാം തികച്ചും ഇഷ്ടപ്പെട്ടു. ഇത് നിർമ്മിക്കാൻ വളരെയധികം ഹൃദയം വേണ്ടിവന്നിട്ടുണ്ട്.. അത് കാണാനുമുണ്ട്.. എല്ലാവരിലും അഭിമാനിക്കുന്നതിനും അപ്പുറം..’, വിസ്മയ ഹൃദയത്തിന്റെ പോസ്റ്റർ പങ്കുവച്ചുകൊണ്ട് കുറിച്ചു.
അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് ഹൃദയം. പ്രണവിന് പുറമേ ദർശന രാജേന്ദ്രൻ, കല്യാണി പ്രിയദർശൻ തുടങ്ങിയവരാണ് സിനിമയിൽ പ്രധാന റോളുകളിൽ അഭിനയിക്കുന്നത്. ജനുവരി 21-നാണ് ഹൃദയം തിയേറ്ററുകളിൽ റിലീസ് ചെയ്തത്. ഏകദേശം 30 കോടിയോളം രൂപ ഗ്രോസ് കലക്ഷനും ഇതിനോടകം ഹൃദയം നേടിക്കഴിഞ്ഞു.