നടനും ഗായകനുമായ മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു വ്യക്തിയാണ് വിനീത് ശ്രീനിവാസൻ. 2002-ൽ പിന്നണി ഗായകനായി സിനിമ മേഖലയിൽ തുടക്കം കുറിച്ച വിനീത് പിന്നീട് നിരവധി സൂപ്പർഹിറ്റ് ഗാനങ്ങൾ ആലപിച്ചു. അഭിനയത്തിലേക്ക് തിരിയുന്നത് പിന്നെയും ഒരു ആറ് വർഷം കഴിഞ്ഞാണ്. ആദ്യമായി സംവിധാനം ചെയ്യുന്നത് 2010-ലും. ശ്രീനിവാസന്റെ മകൻ എന്ന ലേബലിൽ ഒരിക്കൽ പോലും വിനീത് അറിയപ്പെട്ടില്ല, പകരം സ്വന്തം പേരിൽ തന്നെ പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടി.
2012-ലാണ് വിനീത് കാമുകിയായ ദിവ്യ നാരായണനുമായി വിവാഹിതനാകുന്നത്. ഇപ്പോഴിതാ വിവാഹ വാർഷിക ദിനത്തിൽ ഭാര്യയ്ക്ക് ആശംസകൾ നേർന്ന് പ്രണയത്തിൽ ചാലിച്ച് ഒരു മനോഹരമായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ്. “ഞാൻ ആദ്യമായി സംവിധാനം ചെയ്ത സിനിമ റിലീസ് ആയപ്പോൾ ഞങ്ങൾ വിവാഹിതരായിരുന്നില്ല. അവൾ തിരുവാൻമിയൂരിലെ സുഹൃത്തിൻ്റെ സ്ഥലത്തേക്ക് പോകുന്നുവെന്ന് അമ്മയോട് പറഞ്ഞ്,
എയർപോർട്ടിലേക്ക് ഒരു ഓട്ടോ പിടിച്ചു. കൊച്ചിയിലേക്ക് പറന്നു, എൻ്റെ സുഹൃത്ത് നോബിൾ അവളെ കൂട്ടി പത്മ തിയേറ്ററിൽ ഇറക്കി. ബാൽക്കണി ബോക്സിൽ ഇരുന്നു ഞങ്ങൾ ഒരുമിച്ച് സിനിമ കണ്ടു. സിനിമ കഴിഞ്ഞ ഉടനെ അവൾ തിരിച്ചു ഫ്ലൈറ്റ് കയറി വൈകുനേരം നാട്ടിലെത്തി. ഇന്നുവരെ അവളുടെ അമ്മ അത് അറിഞ്ഞിട്ടില്ല. ഞങ്ങളുടെ ജീവിതത്തിലെ നിരവധി സുപ്രധാന നിമിഷങ്ങളിൽ ഞങ്ങൾ ഒരുമിച്ചായിരുന്നു.
ഒരു കൈയിൽ ആസ്തലിൻ ഇൻഹേലറും മറുകൈയിൽ വൃത്തികെട്ട കോളേജ് ബാഗും പിടിച്ച് അവൾ 2004-ൽ എന്നോടൊപ്പം ഇറങ്ങിവന്നു. 20 വർഷങ്ങൾക്ക് ശേഷം, ഞാൻ ഇത് പോസ്റ്റ് ചെയ്യുമ്പോൾ അവൾ എൻ്റെ തൊട്ടടുത്ത് കിടക്കുകയാണ്. ദിവ്യ നമ്മൾ അതിജീവിച്ചു. നിങ്ങളോടൊപ്പം ജീവിക്കുന്നത് അതിശയകരമായിരുന്നു. വാർഷിക ആശംസകൾ..”, ഭാര്യ ദിവ്യയുടെ ചിത്രത്തോടൊപ്പം വിനീത് കുറിച്ചു.