ഐ.വി ശശിസംവിധാനം ചെയ്ത ഇടങ്ങളിൽ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന് ഹരിഹരന്റെ ‘നഖക്ഷതങ്ങൾ’ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരനായി മാറിയ താരമാണ് നടൻ വിനീത്. കണ്ണൂർ തലശേരി സ്വദേശിയായ വിനീത് ആറാമത്തെ വയസ്സ് മുതൽ ഭരതനാട്യം പഠിച്ചിരുന്ന ഒരാളാണ്. മലയാള സിനിമയിലേക്ക് എത്തുമ്പോൾ ക്ലാസിക്കൽ ഡാൻസ് അറിയുന്ന നടൻ എന്ന പേരും വിനീതിന് ഉണ്ടായി.
സമൂഹ മാധ്യമങ്ങളിൽ വിനീതിന് ഒരുപാട് ട്രോളുകൾ കിട്ടിയ ഒരു ചിത്രമായിരുന്നു കാംബോജി. വിനോദ് മങ്കര സംവിധാനം ചെയ്ത ചിത്രത്തിൽ വിനീത് ഒരു കഥകളിക്കാരനായിട്ടാണ് അഭിനയിച്ചത്. ആ സിനിമ ഇറങ്ങിയ ശേഷം വിനീതിന് ഒരു പേരും വീണിരുന്നു. പാച്ചുവും അത്ഭുത വിളക്കും തന്റെ പുതിയ സിനിമയുടെ വിശേഷങ്ങൾ പങ്കുവെക്കുന്ന ഒരു അഭിമുഖത്തിൽ വിനീത് ഈ കാര്യത്തെ കുറിച്ച് സംസാരിച്ചിരുന്നു.
“എനിക്ക് ആരൊക്കെയോ അതിന്റെ ട്രോളുകൾ അയച്ചു തന്നിട്ടുണ്ട്. ഞാൻ അത് ആസ്വദിക്കാറുണ്ട്. അത് ഇന്നും വരും. ചേട്ടാ കാംബോജി ടു എപ്പോൾ? കട്ട വെയ്റ്റിംഗ് എന്നൊക്കെ പറഞ്ഞിട്ട്.. എഫ്ബിയിൽ മെസ്സേജസ് വരാറുണ്ട്. പക്ഷേ അധികം മറുപടി കൊടുക്കാറില്ല. എനിക്കൊരു പേരുമുണ്ട്. അനുരാഗ സിംഹം! എന്റെ ചില വീഡിയോസിന് താഴെ ഇത് വരാറുണ്ട്. ‘ഹാഹാ.. നമ്മുടെ അനുരാഗ സിംഹം.. തജം തകജം തരികിട തോം’. സത്യം പറയാമല്ലോ.. ഞാൻ ഒരുപാട് ആസ്വദിക്കാറുണ്ട്.
ഒരു പോസിറ്റീവ് ആയിട്ടേ എടുക്കാറുളളൂ. എനിക്ക് എന്തിനാണ് ഇങ്ങനെ എന്നൊന്നും തോന്നിയിട്ടില്ല. ഒരു തമാശ ആയിട്ടേ എടുക്കാറുള്ളൂ. അതിന്റെ ഞാൻ ചിരിച്ച ഒരു ട്രോളുണ്ട്. പുലിമുരുകൻ പുലി വരുന്ന സമയത്ത്.. സിദ്ധിഖ് ലാലേട്ടനുള്ള ഒരു സീനുണ്ടല്ലോ, പുള്ളിയുടെ ഒരു പേടിച്ചിട്ടുള്ള ഒരു ഭാവം.. പുലി ഇങ്ങനെ ചാടി വരുന്നു. അടുത്ത സീനിൽ ഒരു ചിലങ്ക ഇട്ട കാല് വരുന്നു. അത് മാത്രം കാണിക്കുന്നു.. ഒപ്പം തജം തകജം എന്നെഴുതി.. പുലി വാലും മടക്കി ഓടുന്നു.. എനിക്ക് ഭയങ്കര ഇഷ്ടമായി..”, വിനീത് പറഞ്ഞു.
ഒരുപാട് മലയാള സിനിമകളിൽ നായകനായും സഹനടനായും അഭിനയിച്ചിട്ടുള്ള വിനീത് ഒരുസമയം കഴിഞ്ഞപ്പോൾ വളരെ കുറച്ച് സിനിമകൾ മാത്രം ചെയ്യുന്ന താരമായി മാറി. 2004-ൽ വിനീത് പ്രസില്ല മേനോനുമായി വിവാഹിതനായി. ഒരു മകളും താരത്തിനുണ്ട്. ധാരാളം പുരസ്കാരങ്ങൾ നേടിയിട്ടുള്ള വിനീത്, ലൂസിഫർ എന്ന സിനിമയിൽ വിവേക് ഒബ്രെയ്ക്ക് ഡബ് ചെയ്ത അതിലൂടെയും അവാർഡ് നേടിയിട്ടുണ്ട്.