മലയാളത്തിലെ എക്കാലത്തെയും മികച്ച സൂപ്പർഹിറ്റുകളിൽ ഒന്നായിരുന്നു മോഹൻലാൽ നായകനായി അഭിനയിച്ച പവിത്രം. മോഹൻലാൽ അവതരിപ്പിച്ച ഉണ്ണികൃഷ്ണൻ എന്ന കഥാപാത്രത്തിന്റെ അമ്മയ്ക്ക് പ്രായമാകുമ്പോൾ ഗർഭിണിയാവുന്നതും പ്രസവത്തിൽ കുഞ്ഞ് മാത്രം രക്ഷപ്പെട്ട് അമ്മ മരിക്കുകയും തുടർന്ന് മോഹൻലാൽ ആ കുഞ്ഞിനെ വളർത്തി വലുതുകുന്നതുമായിരുന്നു സിനിമയുടെ കഥ.
ക്ലൈമാക്സിൽ ഉണ്ണികൃഷ്ണൻ ഓർമ്മ നഷ്ടപ്പെടുകയും ചെയ്യുന്നുണ്ട്. അതിലെ കുഞ്ഞനിയത്തിയായ മീനാക്ഷി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് നടി വിന്ദുജ മേനോൻ ആയിരുന്നു. ചേട്ടച്ഛന്റെ മീനൂട്ടിയെ അത്ര പെട്ടന്ന് മലയാളികൾക് മറക്കാനും പറ്റുകയില്ല. പവിത്രം ആയിരുന്നില്ല വിന്ദുജയുടെ ആദ്യ സിനിമ. 1985-ൽ ഇറങ്ങിയ ഒന്നാനാം കുന്നിൽ ഒരടി കുന്നിലാണ് വിന്ദുജയുടെ ആദ്യ സിനിമ.
നൊമ്പരത്തിൽ പൂവ്, ഞാൻ ഗന്ധർവ്വൻ, ഭീഷ്മാചാര്യ, പിൻഗാമി, സമുദയം, ടോം ആൻഡ് ജെറി, ശ്രീരാഗം, പുതുക്കോട്ടയിലെ പുതുമണവാളൻ, ആയിരം നാവുള്ള അനന്തൻ, മൂന്ന് കോടിയും മുന്നൂറ് പവനും, സ്നേഹസിന്ദൂരം, സൂപ്പർമാൻ തുടങ്ങിയ സിനിമകളിൽ വിന്ദുജ അഭിനയിച്ചിട്ടുണ്ട്. വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തിരുന്നു. ഒരു മകളും താരത്തിനുണ്ട്. 2016-ൽ ആക്ഷൻ ഹീറോ ബിജു എന്ന സിനിമയിൽ ചെറിയ റോളിൽ വിന്ദുജ അഭിനയിച്ചിരുന്നു.
തിരുവനന്തപുരം സ്വദേശിനിയായ വിന്ദുജ ഇപ്പോൾ കുടുംബത്തോടൊപ്പം വിദേശത്തായിരുന്നു. തന്റെ ജന്മദിനം കുടുംബത്തോടൊപ്പം ആഘോഷമാക്കിയിരിക്കുകയാണ് വിന്ദുജ. ചേട്ടച്ഛന്റെ മീനൂട്ടിക്ക് ആശംസകളുമായി നിരവധി ആരാധകരാണ് കമന്റുകൾ ഇട്ടിരിക്കുന്നത്. ഭർത്താവ് രാജേഷ് കുമാറും അടുത്ത സുഹൃത്തുക്കളുമെല്ലാം ജന്മദിന ആഘോഷത്തിൽ താരത്തിന് ഒപ്പമുണ്ടായിരുന്നു.