‘ആടു ജീവിതത്തിലൂടെ പൃഥ്വിരാജ് ഇന്ന് അന്തർ ദേശീയ തലത്തിൽ ശ്രദ്ധ നേടുണ നടനായി..’ – പ്രശംസിച്ച് വിനയൻ

മലയാളി പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന ഒരു ചിത്രമാണ് വിനയൻ സംവിധാനം ചെയ്ത അത്ഭുതദ്വീപ്. പൃഥ്വിരാജ്, ഗിന്നസ് പക്രു എന്നിവർ പ്രധാന വേഷത്തിൽ അഭിനയിച്ച സിനിമ നീളം കുറഞ്ഞ പുരുഷന്മാർ താമസിക്കുന്ന ഒരു ദ്വീപിന്റെ കഥയാണ് പറഞ്ഞത്. സിനിമ റിലീസ് ചെയ്തിട്ട് 19 വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ്. അത്ഭുതദ്വീപിനെ കുറിച്ചും പൃഥ്വിരാജിന്റെ ആടുജീവിതത്തെ കുറിച്ചും പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ വിനയൻ.

“2005 ഏപ്രിൽ ഒന്നിനാണ് അത്ഭുതദ്വീപ് റിലീസു ചെയ്തത്.. പരിമിതമായ ബഡ്ജറ്റിൽ ആയിരുന്നെങ്കിലും ഗിന്നസ് പക്രു ഉൾപ്പടെ മുന്നൂറോളം കൊച്ചു മനുഷ്യരെ പങ്കെടുപ്പിച്ച് വലിയ ക്യാൻവാസിലായിരുന്നു ചിത്രം പൂർത്തിയാക്കിയത്. അത്ഭുത ദ്വീപും സത്യവുമൊക്കെ കഴിഞ്ഞ് പത്തൊമ്പത് വർഷത്തിനു ശേഷം ആടു ജീവിതത്തിലൂടെ പൃഥ്വിരാജ് ഇന്ന് അന്തർ ദേശീയ തലത്തിൽ ശ്രദ്ധ നേടുണ നടനായിമാറിയിരിക്കുന്നു.

ഒത്തിരി സന്തോഷമുണ്ട്. അത്ഭുതദ്വീപ് ഷൂട്ടു ചെയ്യുമ്പോളുള്ള സംഘടനാ പ്രശ്നങ്ങളും പൃഥ്വിക്കുണ്ടായിരുന്ന വിലക്കും അതിനെ തരണം ചെയ്തതുമൊക്കെ ഇന്നോർക്കുമ്പോൾ രസകരമായി തോന്നുന്നു. അത്ഭുതദ്വീപിന്റെ രണ്ടാം ഭാഗം കൂടുതൽ ഭംഗിയായി ഒരു വലിയ ചിത്രമായി പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കാൻ കഴിയുമെന്ന് കരുതുന്നു..”, വിനയൻ തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.

നേരത്തെ വിനയൻ അത്ഭുതദ്വീപിൻറെ രണ്ടാം ഭാഗം ഈ വർഷം ചിത്രീകരണം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പൃഥ്വിരാജിന് പകരം, ഉണ്ണി മുകുന്ദൻ ആയിരിക്കും പ്രധാന വേഷത്തിൽ എത്തുക. ഗിന്നസ് പക്രു ഈ രണ്ടാം ഭാഗത്തിലും ഉണ്ടാകുമെന്നും വിനയൻ അറിയിച്ചിരുന്നു. പക്രുവിനെ ഏറെ ജനശ്രദ്ധ നേടിക്കൊടുത്ത ചിത്രമായിരുന്നു അത്. സിനിമയ്ക്ക് വേണ്ടി പ്രേക്ഷകരും ഏറെ കാത്തിരിക്കുകയാണ്.