വിനയൻ സംവിധാനം ചെയ്ത സൂപ്പർഹിറ്റ് സിനിമകളിൽ ഒന്നായിരുന്നു അത്ഭുതദ്വീപ്. പൃഥ്വിരാജ്, ഗിന്നസ് പക്രു എന്നിവർ പ്രധാന റോളുകളിൽ അഭിനയിച്ച് തിയേറ്ററുകളിൽ വമ്പൻ വിജയമായി മാറിയ സിനിമായിരുന്നു ഇത്. പുരുഷന്മാർ കുള്ളന്മാരായ ഒരു ദ്വീപിലേക്ക് എത്തുന്ന ഇന്ത്യൻ നേവി ഉദ്യോഗസ്ഥവരായ കഥാപാത്രങ്ങളും അവരെ ഭൂതങ്ങളാണെന്ന് വിശ്വസിക്കുന്ന ദ്വീപ് നിവാസികളുടെയും കഥ പറയുന്ന സിനിമയായിരുന്നു അത്ഭുതദ്വീപ്.
പക്രു നായകന്മാരിൽ ഒരാളായി അഭിനയിച്ച് ഗിന്നസ് റെക്കോർഡ് നേടിയ സിനിമ കൂടിയായിരുന്നു ഇത്. ഒരു സിനിമയിൽ ഏറ്റവും കൂടുതൽ കുള്ളന്മാരെ അവതരിപ്പിച്ചതിന് ഗിന്നസ് ബുക്കിൽ ഇടം നേടുക സിനിമ കൂടിയായിരുന്നു ഇത്. സിനിമയുടെ രണ്ടാം ഭാഗം എന്നെങ്കിലും ഒരിക്കൽ സംഭവിക്കുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നു. അത് തന്നെ സംഭവിക്കാൻ പോവുകയാണ് ഇനി. വിനയൻ തന്നെ അത് സ്ഥിരീകരിച്ചിരിക്കുകയാണ്.
പക്രുവിന് ഒപ്പം പക്ഷേ ഈ തവണ അഭിനയിക്കുന്നത് മറ്റൊരു താരമാണ്. ഉണ്ണി മുകുന്ദനനാണ് സിനിമയിലെ മറ്റൊരു പ്രധാന കഥാപാത്രം ചെയ്യുന്നത്. മാളികപ്പുറത്തിന്റെ തിരക്കഥകൃത്തായ അഭിലാഷ് പിള്ള ആണ് അത്ഭുതദ്വീപ് രണ്ടാം ഭാഗത്തിന്റെ തിരക്കഥ ഒരുക്കുന്നത്. വിനയൻ അഭിലാഷിനെയും ഉണ്ണി മുകുന്ദനെയും നേരിൽ കണ്ടതിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചുകൊണ്ടാണ് ഈ പ്രഖ്യാപനം നടത്തിയത്.
‘പതിനെട്ട് വർഷങ്ങൾക്ക് ശേഷം അത്ഭുതദ്വീപിലെ കാഴ്ചകൾ കാണാൻ വീണ്ടുമൊരു യാത്ര തുടങ്ങുന്നു. ഇത്തവണ പക്രുവിന് ഒപ്പം ഉണ്ണി മുകുന്ദനും അഭിലാഷ് പിള്ളയുമുണ്ട്. സിജു വിൽസണുമായുള്ള സിനിമയ്ക്ക് ശേഷം 2024-ൽ ഞങ്ങൾ അത്ഭുതദ്വീപിൽ എത്തും..”, വിനയൻ കുറിച്ചു. ഏറെ വ്യത്യസ്തമായ ഒരു കഥയാണ് വിനയൻ പ്രേക്ഷകർക്ക് മുന്നിൽ അന്ന് അവതരിപ്പിച്ചത്. കൊച്ചുകുട്ടികളും കുടുംബവും ഏറ്റെടുത്ത് വിജയിപ്പിച്ച സിനിമയായിരുന്നു അത്ഭുതദ്വീപ്.