ഒ.ടി.ടിയിലൂടെ പ്രേക്ഷക ശ്രദ്ധനേടിയ മഹാൻ എന്ന സൂപ്പർഹിറ്റ് സിനിമയ്ക്ക് ശേഷം ചിയാൻ വിക്രം നായകനായി എത്തുന്ന സിനിമയാണ് കോബ്ര. കെ.ജി.എഫ് എന്ന സിനിമയിലൂടെ തെന്നിന്ത്യൻ സിനിമ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ ശ്രീനിധി ഷെട്ടിയാണ് നായികയായി എത്തുന്നത്. അജയ് ജ്ഞാനമുത്തുവാണ് സിനിമയുടെ സംവിധായകൻ. ഏറെ പ്രതീക്ഷയോടെയാണ് സിനിമയ്ക്കായി പ്രേക്ഷകർ കാത്തിരിക്കുന്നത്.
2019 ഒക്ടോബറിൽ ഷൂട്ടിംഗ് ആരംഭിച്ച കോബ്ര ചില സാഹചര്യങ്ങൾ കാരണം ഷൂട്ടിംഗ് വൈക്കുകയും ഇപ്പോൾ റിലീസിനായി ഒരുങ്ങുകയുമാണ്. ഓഗസ്റ്റ് 31-നാണ് കോബ്ര തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. പ്രേക്ഷകർ ഏറെ കാത്തിരിപ്പോടെ ഇരിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. സിനിമ എന്തായിരിക്കുമെന്ന് ട്രെയിലറിൽ വ്യക്തമാവുകയുമില്ല.
വിക്രത്തെ പല ഗെറ്റപ്പുകളിലാണ് ട്രെയിലറിൽ ഉടനീളം കാണിച്ചിരിക്കുന്നത്. പല ഭാവങ്ങളിലുള്ള വിക്രത്തിന്റെ ഒരു പകർന്നാട്ടം തന്നെയാണ് ട്രെയിലറിൽ മുഴുവനും. കമൽഹാസന്റെ ദശാവതാരത്തിന് ശേഷം ഇത്രയും ഗെറ്റപ്പുകളിൽ ഒരു നടനെ പ്രേക്ഷകർ കാണാൻ പോകുന്നത് ഒരുപക്ഷേ വിക്രത്തിന്റെ കോബ്രയിൽ ആയിരിക്കും. കാത്തിരിക്കാൻ മലയാളികൾക്കും ഒരുപാട് കാരണങ്ങളുണ്ട്.
മലയാളത്തിലെ പ്രിയപ്പെട്ട താരങ്ങൾ സിനിമയിൽ വളരെ പ്രധാനപ്പെട്ട റോളുകളിൽ എത്തുന്നുണ്ട്. ഇത് കൂടാതെ ക്രിക്കറ്റ് താരമായിരുന്ന ഇർഫാൻ പത്താന്റെ ആദ്യ അരങ്ങേറ്റ സിനിമ കൂടിയാണ് ഇത്. മലയാളി താരങ്ങളായ റോഷൻ മാത്യു, മിയ ജോർജ്, സർജാനോ ഖാലിദ്, മാമുക്കോയ തുടങ്ങിയവരും റോബോ ശങ്കർ, മിർനളിനി രവി, മീനാക്ഷി ഗോവിന്ദരാജൻ, കെ.എസ് രവികുമാർ, ആനന്ദ് രാജ് തുടങ്ങിയവരും സിനിമയിൽ അഭിനയിക്കുന്നുണ്ട്.