തെലുങ്ക് സൂപ്പർതാരമായ വിജയ് ദേവരകൊണ്ടയുടെയും രശ്മിക മന്ദാനയുടെയും വിവാഹത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ പലപ്പോഴും സമൂഹ മാധ്യമങ്ങളിൽ വാർത്തകളായി പ്രചരിക്കാറുണ്ട്. എന്നാൽ താരങ്ങൾ ഇരുവരും തങ്ങൾ തമ്മിൽ പ്രണയത്തിലാണെന്നോ വിവാഹിതരാകാൻ പോകുന്നുവെന്നോ ഇതുവരെ തുറന്ന് പറഞ്ഞിട്ടുമില്ല. ഇപ്പോഴിതാ ചില പ്രമുഖ മാധ്യമങ്ങളിൽ തന്നെ വിവാഹ വാർത്ത പ്രചരിക്കുകയാണ്.
വിജയുടെ അമ്മയുമായി രശ്മികയ്ക്ക് വളരെ അടുപ്പമുണ്ടെന്നും ഈ വർഷം തന്നെ വിവാഹം ഉണ്ടായിരിക്കുമെന്നാണ് ഇന്ത്യയിലെ ചില പ്രമുഖ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് താരങ്ങൾ മാധ്യമങ്ങൾക്ക് അഭിമുഖങ്ങൾ ഒന്നും തന്നെ നൽകിയിട്ടില്ല. എന്നാൽ ഇപ്പോഴിതാ വിജയ് തന്റെ ട്വിറ്ററിൽ ട്വീറ്റ് ചെയ്ത കാര്യമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
“സാധാരണ പോലെ അസംബന്ധം.. നമ്മൾ വെറുതെയല്ലേ.. ദാ വാർത്ത!”, വിജയ് ട്വീറ്റ് ചെയ്തു. താൻ എന്തിനെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് താരം പരാമർശിച്ചില്ലെങ്കിലും, തന്റെയും രശ്മികയുടെയും വിവാഹ അഭ്യൂഹങ്ങളെക്കുറിച്ചാണ് അദ്ദേഹം പരാമർശിച്ചതെന്ന് ആരാധകർ കരുതുന്നു. വിവാഹ വാർത്തകളുടെ സ്ക്രീൻഷോട്ട് പോസ്റ്റ് ചെയ്തുകൊണ്ട് ആരാധകർ താരത്തോട് ഇതേ കുറിച്ചാണോ ഉദ്ദേശിച്ചതെന്ന് ചോദിക്കുന്നുമുണ്ട്.
As usual nonsense..
Don’t we just
da news!
— Vijay Deverakonda (@TheDeverakonda) February 21, 2022
വിജയും രശ്മികയും ഇതുവരെ ഗീത ഗോവിന്ദം, ഡിയർ കോമ്രേഡ് എന്നീ രണ്ട് ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അന്ന് മുതൽ തന്നെ ഇരുവരും ഡേറ്റിംഗിൽ ആണെന്ന് ചില ഗോസിപ്പുകൾ പ്രചരിക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ വർഷത്തെ സൂപ്പർ ഹിറ്റായ പുഷ്പ എന്ന ചിത്രത്തിലാണ് രശ്മിക അവസാനമായി അഭിനയിച്ചത്. ഇരുവരും ആദ്യ ഹിന്ദി ചിത്രത്തിൽ അഭിനയിക്കുകയാണ്. രശ്മിക മിഷൻ മജ്നുവിലും വിജയ് ലിഗർ എന്ന സിനിമയിലൂടെയുമാണ് ബോളിവുഡിൽ അരങ്ങേറുന്നത്.