പുതിയ സിനിമയായ ഗോട്ടിന്റെ ഷൂട്ടിങ്ങിന് വേണ്ടി തമിഴ് നടൻ ദളപതി വിജയ് തിരുവനന്തപുരത്ത് എത്തി. ഇന്ന് വൈകിട്ട് തിരുവനന്തപുരം വിമാനത്താവളത്തിൽ വന്നിറങ്ങിയ വിജയിയെ സ്വീകരിക്കാൻ വമ്പൻ ജനക്കൂട്ടമാണ് ഉണ്ടായത്. ആരാധകർ വിമാനത്താവളത്തിലേക്ക് ഇരച്ചെത്തി. വിജയ് എത്തുമെന്ന് അറിഞ്ഞതുകൊണ്ട് എയർപോർട്ട് അധികൃതർ നേരത്തെ തന്നെ സുരക്ഷാ ക്രമീകരണങ്ങൾ കൂട്ടിയിട്ടുണ്ടായിരുന്നു.
മാർച്ച് പതിനെട്ട് മുതൽ 23 വരെയാണ് തിരുവനന്തപുരത്ത് ഷെഡ്യൂൾ ഉള്ളത്. ഫാന്സിനെ അഭിവാദ്യം ചെയ്താണ് വിജയ് വിമാനതാവളത്തിന് പുറത്തേക്ക് എത്തിയത്. ആരാധകർക്ക് ഇടയിലൂടെ വണ്ടിയുടെ അടുത്തേക്ക് എത്താൻ ഏറെ പ്രയാസപ്പെട്ടു. വണ്ടിക്ക് മുകളിൽ കയറി ആരാധകരെ അഭിവാദ്യം ചെയ്തു. പിന്നീട് കാർ മുന്നോട്ട് എടുക്കാൻ ശ്രമിച്ചെങ്കിലും തിരക്ക് കാരണം വളരെ പതുക്കെയാണ് വാഹനം നീങ്ങിയത്.
വിജയ് ആരാധകർ ആവേശത്തിൽ വാഹനത്തിന് ചുറ്റും വളഞ്ഞിരുന്നു. തിരുവനന്തപുരത്തിന് അടുത്തുള്ള തമിഴ് നാട് ജില്ലകളിൽ നിന്നുള്ള വിജയ് ആരാധകർ പോലും എത്തിയിട്ടുണ്ടായിരുന്നു. ആരാധകരിൽ ചില ആവേശംമൂത്ത് കാറിൽ അടിക്കുകയും ചിലർ നീങ്ങിക്കൊണ്ടിരിക്കുന്ന സമയത്ത് തന്നെ മുകളിൽ കയറാൻ ശ്രമിക്കുകയും ചെയ്തു. വാഹനത്തിന് വലിയ രീതിയിൽ ചളുക്കവും പണിയും കിട്ടിയിട്ടുണ്ട്.
കാറിന്റെ ഡ്രൈവിംഗ് സീറ്റിന്റെ ഡോറിലെ ഗ്ലാസ് പൂർണമായും തകർന്നിരുന്നു. സൈഡ് മിററിനും കേടുപാട് പറ്റി. കാറിന്റെ പെയിന്റ് സ്ക്രാച്ച് പലയിടത്തും പറ്റിയിട്ടുമുണ്ട്. ആരാധകരുടെ ആവേശം അതിരുവിട്ടുവെന്നാണ് വാഹനത്തിന്റെ ശേഷമുള്ള അവസ്ഥ കണ്ടിട്ട് പലരും അഭിപ്രായപ്പെട്ടത്. ഈ കഴിഞ്ഞ ഫെബ്രുവരി 2-നാണ് വിജയ്, രാഷ്ട്രീയ പാർട്ടിയായ ‘തമിഴക വെട്രി കഴകം’ പ്രഖ്യാപിച്ചത്. കേരളത്തിലും അതിൽ മെമ്പേഴ്സ് ഉണ്ടാകുമെന്ന് ഉറപ്പാണ്.