പ്രശസ്ത നടിയും നർത്തകിയുമായ ദിവ്യ ഉണ്ണിയുടെ അനിയത്തിയും സിനിമ താരവുമാണ് നടി വിദ്യ ഉണ്ണി. ചേച്ചിയുടെ അതെ പാതപിന്തുടർന്ന് സിനിമയിലേക്ക് തന്നെ എത്തിയ വിദ്യ സിനിമയിൽ അത്ര തിളങ്ങിയില്ലെങ്കിലും ഒരുപാട് മലയാളികൾക്ക് സുപരിചിതയായി മാറിയിരുന്നു. ഡോക്ടർ ലവ് എന്ന സിനിമയിലൂടെയാണ് വിദ്യ അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് നായികയായി വിദ്യ അഭിനയിച്ചു.
ടെലിവിഷൻ അവതാരകയായും ചില പ്രോഗ്രാമുകളിൽ അതിഥിയായുമൊക്കെ വിദ്യ പങ്കെടുത്തിട്ടുമുണ്ട്. 2019-ലായിരുന്നു വിദ്യയുടെ വിവാഹം നടന്നത്. ചെന്നൈ സ്വദേശിയായ സഞ്ജയ് വെങ്കടേശ്വരനെയാണ് വിദ്യ വിവാഹം ചെയ്തത്. വിവാഹ ശേഷം സിംഗപ്പൂരിലാണ് വിദ്യ താമസിക്കുന്നത്. ഈ ഓഗസ്റ്റ് മാസം ഏഴാം തീയതിയാണ് വിദ്യ ഒരു അമ്മയായ വിവരം തന്റെ ആരാധകരുമായി സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
ഓണം കൂടിയായപ്പോൾ ഇരട്ടി സന്തോഷമാണ് വിദ്യയ്ക്ക് ലഭിച്ചത്. ഓണാഘോഷങ്ങളോടൊപ്പം തന്നെ കുഞ്ഞിൻെറ പേരിടൽ ചടങ്ങും നടന്നിരിക്കുകയാണ്. ശോഭിത എന്നാണ് കുഞ്ഞിന് വിദ്യയും ഭർത്താവ് സഞ്ജയും ചേർന്ന് നൽകിയിരിക്കുന്ന പേര്. “ഞങ്ങളുടെ കൊച്ചു മാലാഖക്ക് ശോഭിത വിദ്യ എന്ന് പേരിട്ടു. ശോഭിത എന്നാൽ ഗംഭീരം അല്ലെങ്കിൽ മിഴിവ്, ഈ പേരിന്റെ ഉത്ഭവം സംസ്കൃത ധാതുക്കളായ ‘ശുഭ്’ എന്നതിൽ നിന്നാണ്. അതായത് ‘പ്രകാശിക്കുക.
യാദൃശ്ചികമായി ‘ദിവ്യ’ (സംസ്കൃത ധാതുവായ ‘ദിവ്’ എന്നതിൽ നിന്ന്) ‘പ്രകാശിക്കുക’ എന്നും അർത്ഥമുണ്ട്. എന്റെ സഹോദരി എനിക്ക് രണ്ടാമത്തെ അമ്മയെ പോലെയാണ്, എന്റെ കുഞ്ഞു മകളിൽ അവളുടെ സാന്നിധ്യം എപ്പോഴും ഉണ്ടെന്ന് തോന്നി. വിദ്യ അവളുടെ സർനെയിം ആണെങ്കിലും അറിവ് എന്നാണ് എല്ലായിടത്തും അത് അർത്ഥമാക്കുന്നത്. അവൾ ജീവിതത്തിൽ തിരഞ്ഞെടുക്കാൻ തീരുമാനിക്കുന്ന ഏത് മേഖലയിലും മിടുക്കിയാകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു..”, വിദ്യ ഫോട്ടോയ്ക്ക് ഒപ്പം കുറിച്ചു.