തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ ഓടിക്കൊണ്ടിരിക്കുന്ന ഒരു ചിത്രമാണ് 2018. മലയാളത്തിൽ ഏറ്റവും വേഗത്തിൽ നൂറ് കോടി നേടിയ സിനിമയായി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചിത്രം മാറി കഴിഞ്ഞു. ഇനി പ്രേക്ഷകർ ഉറ്റുനോക്കുന്നത് മോഹൻലാൽ സിനിമകളായ ലൂസിഫർ, പുലിമുരുകൻ എന്നിവയുടെ കളക്ഷൻ പൊട്ടിക്കുമോ എന്നതാണ്. തിയേറ്ററുകളിൽ ആദ്യ ആഴ്ചകളിലെ തിരക്ക് കുറഞ്ഞെങ്കിലും അതിന് സാധ്യതയുണ്ട്.
വേണു കുന്നപ്പിള്ളി, ആന്റോ ജോസഫ്, സികെ പദ്മകുമാർ എന്നിവരാണ് സിനിമയുടെ നിർമ്മതാക്കൾ. വെറും 15 കോടി ബഡ്ജറ്റിൽ ഇറക്കിയ സിനിമ പത്ത് ദിവസം കൊണ്ട് തന്നെ നൂറ് കോടി നേടിയതിന്റെ സന്തോഷത്തിലാണ് നിർമ്മാതാക്കൾ. മാമാങ്കം എന്ന സിനിമ നിർമ്മിച്ചുകൊണ്ട് ഈ മേഖലയിലേക്ക് എത്തിയ നിർമ്മാതാവ് ആയിരുന്നു വേണു കുന്നപ്പിള്ളി. കാവ്യാ ഫിലിം എന്നാണ് പ്രൊഡക്ഷൻ കമ്പനിയുടെ പേര്.
ഇപ്പോഴിതാ താൻ നിർമ്മിച്ച മാമാങ്കത്തിന്റെ പേരിൽ തനിക്ക് ലഭിച്ച ട്രോളുകൾ കുറച്ച് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ് വേണു കുന്നപ്പിള്ളി. “മാമാങ്കം ഒരു വിജയ ചിത്രത്തിന്റെ ലിസ്റ്റിൽ ആരും ഉൾപ്പെടുത്തിയിട്ടില്ല. ഏത് ബിസിനെസിലേക്ക് വരുന്ന ആൾക്കാർക്കും ഉണ്ടാവുന്ന ഒരു പരിചയക്കുറവുണ്ടല്ലോ എനിക്ക് ഉണ്ടായിട്ടുണ്ട്. അത് മൂടിവച്ചിട്ട് കാര്യമില്ല. പല സാഹചര്യങ്ങളിൽ നിന്ന് പോകേണ്ടിയിരുന്ന ഒരു സിനിമ ഞാൻ തിയേറ്ററിൽ എത്തിച്ചു.
അതിന്റെ നഷ്ടലാഭം എന്ന് പറയുന്നത് എനിക്ക് മാത്രം അറിയുന്ന കാര്യമാണ്. ഞാൻ എത്രയാണ് മുടക്കിയത്, എത്രയാണ് കിട്ടിയത് എന്നൊക്കെയുള്ളത്. ഇപ്പോഴും എയറിൽ നിൽക്കുന്ന ഒരു കാര്യമാണ്. ഇപ്പോഴും എയറിലാണ്. തൃശൂർ ബസ് സ്റ്റാൻഡിൽ ബുക്ക് വെക്കുന്ന ആളാക്കി, സ്വിഗ്ഗി കുന്നപ്പിള്ളി എന്നൊരു കമ്പനിയുണ്ട്. ലണ്ടനിൽ എനിക്കൊരു സിൽക്സ് ആൻഡ് സാരി ഷോപ്പുണ്ട്. ഞാൻ ഒരിക്കൽ അതിന്റെ കൗണ്ടറിൽ ഇരിക്കുന്ന ഒരു സെൽഫി എടുത്ത് ഞാൻ എഫ് ബിയിൽ ഇട്ടിരുന്നു.
അപ്പോൾ ആരൊക്കെയോ ട്രോൾ ഉണ്ടാക്കി, എല്ലാം നഷ്ടപെട്ടിട്ട് ഇപ്പോൾ ഷോപ്പിൽ ജോലി ചെയ്യുകയാണെന്ന്. ഇങ്ങനെ രസകരമായ ട്രോളുകൾ കിട്ടിയിട്ടുണ്ട്. ഞാൻ അത് എൻജോയ് ചെയ്തിട്ടുണ്ട്. നമ്മുക്ക് അതുകൊണ്ട് വലിയ നഷ്ടലാഭം ഒന്നും കിട്ടുന്നില്ലല്ലോ. ഞാൻ ഒരു സാധാരണക്കാരൻ. എന്നെക്കാൾ വലിയ ആളുകൾക്ക് ട്രോളുകളും വിമർശനങ്ങളും ഒക്കെ കിട്ടുന്നുണ്ട്. അപ്പോൾ ഞാൻ എന്തിനാണ് ടെൻഷൻ അടിക്കുന്നത്. ഈ പറയുന്ന രീതിയിൽ ഒരു നഷ്ടം എനിക്ക് ആ സിനിമ കൊണ്ട് ഉണ്ടായിട്ടില്ല..”, കുന്നപ്പിള്ളി പറഞ്ഞു.