‘ഞാനിപ്പോൾ സംയുക്തയല്ല, സംതൃപ്തയാണ്! 20-ാം വിവാഹ വാർഷിക നിറവിൽ സംയുക്ത വർമ്മ..’ – കുറിപ്പ് വായിക്കാം

മലയാള സിനിമയിൽ ഒരുപാട് ആരാധകരുള്ള ഒരു താരദമ്പതികളാണ് നടൻ ബിജു മേനോനും ഭാര്യയും നടിയുമായ സംയുകത വർമ്മയും. വിവാഹ ജീവിതം പിന്നിട്ട് ഇപ്പോൾ ഇരുപതിൽ അധികം വർഷങ്ങൾ കഴിഞ്ഞിരിക്കുകയാണ്. ഇപ്പോഴിതാ സംയുക്തയുടെ ബന്ധുവും നടിയുമായ ഊർമിള ഉണ്ണി ഇരുവർക്കും വിവാഹ വാർഷികത്തിൽ ആശംസകൾ നേർന്നുകൊണ്ട് പങ്കുവച്ച കുറിപ്പാണ് മലയാളികൾ ഏറ്റെടുത്തിരിക്കുന്നത്.

“കുട്ടിക്കാലത്ത് നല്ല കുറുമ്പിയായിരുന്നു സംയുക്ത. എവിടെയായാലും ഉള്ള സ്ഥലത്ത് വേഗത്തിൽ വട്ടത്തിൽ ഓടുക, വീഴുക, ശരീരമാകെ മുറിവേൽപ്പിക്കുക അതാണ് ഹോബി. വീട്ടിൽ നിന്ന് നടക്കാവുന്ന ദൂരമേയുള്ളൂ സ്കൂളിലേക്ക്.. വൃത്തിയായി ഒരുക്കിയാണ് അവളെ സ്കൂളിലേക്ക് വിടുക. എന്റെ ചൂണ്ടുവിരൽ പിടിച്ച് നടക്കുമ്പോൾ അവൾ പറയും ഹോം വർക്ക് ചെയ്യുമ്പോൾ അമ്മ എന്നെ കുറെ ചീത്ത പറഞ്ഞു താത്താ തൈ. എന്നെ അത്രയ്ക്ക് ഇഷ്ടമില്ലെങ്കിൽ ചുരുട്ടി കൂട്ടി വയറ്റിലേക്ക് ഇട്ടോളാൻ പറയൂ അമ്മയോട്.

എനിക്ക് താത്താതെയ്യെ മാത്രമേ ഇഷ്ടമുള്ളൂ. സ്കൂളിൽ നിന്ന് തിരിച്ചുവരുമ്പോൾ അവളുടെ രൂപമൊന്ന് കാണണം. തലമുടിയൊക്കെ ഷോക്കടിച്ച പോലെ പൊങ്ങി നിൽക്കുന്നുണ്ടാവും. മേലാസകലം ചെളി പുരുണ്ടിരിക്കും. ഷൂസിൻ്റെ ലേസ് കൂട്ടികെട്ടി തോളിലിട്ടിരിക്കും! അവൾക്ക് 14 വയസ്സായി. ഹിന്ദി പാട്ടുകൾ ടിവിയിൽ കണ്ടിരിക്കുമ്പോൾ സംയുക്ത എന്നോട് പറഞ്ഞു, “മീശയില്ലാത്ത മിനുമിനാ മുഖമുള്ള ഒരാളെ താത്താ തൈ എനിക്ക് കണ്ടുപിടിച്ചു തരണം.. പ്രേമിക്കാനാ..”, ഉമ ചേച്ചി എന്നെ അടുക്കളയിൽ നിന്ന് കണ്ണുരുട്ടി നോക്കി.

സംയുക്ത സിനിമാതാരമായി. അവൾക്ക് തിരക്കായി. എന്റെ ഒരു സുഹൃത്ത് എന്നെ വിളിച്ചു പറഞ്ഞു. സംയുക്തയും ബിജു മേനോനും പ്രണയത്തിൽ ആണെന്ന് കേൾക്കുന്നല്ലോ ഊർമ്മിളേ. ഞാൻ പൊട്ടിച്ചിരിച്ചു. ചുമ്മാ.. ഒന്നാമത്തെ കാര്യം അവൾ പ്രണയിക്കുന്നത് പോലും എന്നോട് ചോദിച്ചിട്ടായിരിക്കും. പിന്നെ മിനുമിനാ മുഖമുള്ളയാൾ വേണമല്ലോ.. അല്ലാതെ രോമേശ്വരനായ ബിജുനെ അവൾക്ക് ശരിയാവുമോ? നമ്മുടെ മനസ്സിൽ കുട്ടികൾ വലുതാവലേയില്ല. ഞാൻ എന്ത് മണ്ടിയാണ്.

അവൾ പ്രണയമൊക്കെ എന്നോട് പറയുമെന്ന് കരുതിവെറുതെ കാത്തിരുന്നു. അവരുടെ ഇരുപതാം വിവാഹ വാർഷികം വന്നെത്തി. ഞാൻ സംയുക്തയോട് ചോദിച്ചു. എങ്ങനെ പോകുന്നു കുടുംബ ജീവിതം? അവൾ പറഞ്ഞു. “ചിലർ നമ്മുടെ ജീവിതത്തിൽ എത്തുമ്പോൾ മുതൽ നമ്മുക്ക് ഒരു ഉത്തരവാദിത്വം അനുഭവപ്പെടും. അത് തോന്നിയാൽ ആ ബന്ധം നിലനിൽക്കും. സ്നേഹത്തിന് വേണ്ടിയുള്ള വിട്ടുവീഴ്ചകളാണ് പിന്നീടങ്ങോട്ട്.. ഞാനിപ്പോൾ സംയുക്തയല്ല, സംതൃപ്തയാണ് താത്താ തൈ. ഞാൻ കുസൃതി ചോദ്യം ചോദിച്ചു.

അപ്പോ മിനുമിനുത്ത മുഖമുള്ളയാൾ? അവൾ പൊട്ടിച്ചിരിച്ചു. എന്നിട്ട് മമ്മൂക്കയുടെ വാക്കുകൾ കടം എടുത്തു. ഭാര്യാഭർത്തൃബന്ധമെന്ന് പറയുന്നത് ഒരു രക്തബന്ധമല്ല. പക്ഷേ എല്ലാ ബന്ധങ്ങളും ജീവിതവുമൊക്കെ തുടങ്ങുന്നത് ഒരു വിവാഹബന്ധത്തിൽ നിന്നാണ്. പരസ്പരം മനസ്സിലാക്കുന്ന ഒരു ജീവിത പങ്കാളിയുണ്ടെങ്കിൽ പിന്നെ ജീവിതം സുന്ദരം. ജന്മങ്ങൾക്കപ്പുറമെന്നോ ,ഒരു ചെമ്പകം പൂക്കും സുഗന്ധം.. ഇന്ന് വിവാഹ വാർഷികം..”, ഊർമിള ഉണ്ണി ഇരുവരുടെയും ചിത്രം പങ്കുവച്ചുകൊണ്ട് കുറിച്ചു.