തമിഴിലെ സൂപ്പർസ്റ്റാറുകളായ വിജയ്, അജിത് എന്നിവരുടെ പൊങ്കൽ റിലീസുകളായ വാരിസും തുനിവും കഴിഞ്ഞ ആഴ്ചയാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തിരുന്നത്. ആദ്യ ദിനം തന്നെ മോശം അഭിപ്രായം നേടിയ രണ്ട് സിനിമകളും തമിഴ് നാട്ടിൽ പിടിച്ചുനിന്നെങ്കിലും കേരളത്തിൽ അത് സാധിച്ചില്ല. രണ്ട് സിനിമകളും അതിന് 10 ദിവസം മുമ്പ് റിലീസ് ചെയ്ത ഒരു കൊച്ചു മലയാള സിനിമയുടെ മുന്നിൽ വീഴുകയും ചെയ്തു.
അതെ ഉണ്ണി മുകുന്ദൻ നായകനായി എത്തിയ മലയാളികളുടെ മനസ്സ് കീഴടക്കിയ മാളികപ്പുറം എന്ന സിനിമയ്ക്ക് മുന്നിലാണ് വാരിസും തുനിവും അടിയറവ് വച്ചത്. ബോക്സ് ഓഫീസ് കളക്ഷൻ നോക്കുമ്പോൾ തന്നെ ഇത് വ്യക്തമാകും. ആദ്യ പത്ത് ദിനം പിന്നിട്ടപ്പോൾ പത്ത് കോടി കളക്ഷൻ കേരളത്തിൽ നിന്ന് നേടിയപ്പോൾ പിന്നീടുള്ള അഞ്ച് ദിവസം കൊണ്ട് വീണ്ടുമൊരു പത്ത് കോടി നേടിയിരിക്കുകയാണ്.
മൂന്നാം ആഴ്ചയിലേക്ക് കടന്നിരിക്കുന്ന മാളികപ്പുറം ആദ്യ രണ്ട് വീക്ക് എൻഡ് ദിവസങ്ങളിലേക്കാൾ കളക്ഷൻ ഹൗസ് ഫുൾ ഷോകളും എക്സ്ട്രാ ഷോകളുമാണ് നേടിയിട്ടുള്ളത്. റിലീസിന്റെ പതിനേഴാം ദിനമായ ഞായറാഴ്ച കേരളത്തിൽ മിക്ക തിയേറ്ററുകളിലും ഹൗസ് ഫുൾ ഷോകളുടെ മേളമായിരുന്നു. ഉണ്ണി മുകുന്ദന്റെ കരിയറിൽ ഇതുപോലെ ഹിറ്റ് ഉണ്ടായിട്ടുമില്ല. 30 കോടിയിൽ അധികമാണ് വേൾഡ് വൈഡ് സിനിമ നേടി കഴിഞ്ഞിരിക്കുന്നത്.
ചെറിയ ബഡ്ജറ്റിൽ ഇറങ്ങിയ സിനിമയായതുകൊണ്ട് തന്നെ ഇതൊരു ബ്രഹ്മണ്ഡ ഹിറ്റ് ആണെന്ന് കളക്ഷൻ കണ്ടാൽ വ്യക്തമാണ്. ഉണ്ണി മുകുന്ദൻ ഒരു സൂപ്പർസ്റ്റാർ ലെവലിലേക്ക് എത്തിക്കാനും ഈ സിനിമയ്ക്ക് സാധിച്ചിട്ടുണ്ട്. ഉണ്ണി മുകുന്ദനെ പോലെ തന്നെ അതിൽ പ്രധാന വേഷം അവതരിപ്പിച്ച രണ്ട് ബാലതാരങ്ങളും ഈ വിജയത്തിന് കൈയടി അർഹിക്കുന്നവരാണ്. ഉണ്ണി മുകുന്ദൻ 50 കോടി ക്ലബിൽ കയറുമോ എന്നാണ് സിനിമ പ്രേമികൾ ഇനി ഉറ്റുനോക്കുന്നത്.