‘ഇത് അയ്യപ്പൻറെ വിജയം!! ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റിലേക്ക്..’ – മാളികപ്പുറം കളക്ഷൻ പുറത്ത്

മലയാളത്തിൽ പുതിയ സൂപ്പർസ്റ്റാർ കൂടി പിറവി എടുത്തിരിക്കുകയാണ്. യുവനടനായ ഉണ്ണി മുകുന്ദൻ നായകനായ ‘മാളികപ്പുറം’ സിനിമ ഉണ്ണിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. അഭിലാഷ് പിള്ളയുടെ തിരക്കഥയിൽ വിഷ്ണു ശശി ശങ്കറാണ് സംവിധാനം ചെയ്തിരിക്കുന്നത്. ജി.സി.സിയിലും മറ്റ് രാജ്യങ്ങളിലും റിലീസ് ചെയ്യുന്നതോടെ വലിയ നേട്ടം നേടാൻ കഴിയുമെന്നാണ് അണിയറ പ്രവർത്തകർ പ്രതീക്ഷിക്കുന്നത്.

കേരളത്തിൽ മാത്രമാണ് സിനിമ റിലീസ് ചെയ്തിരുന്നത്. ഗൾഫ് രാജ്യങ്ങളിലും അതുപോലെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും ഇന്ന് റിലീസ് ചെയ്യുന്നതോടെ കളക്ഷനിൽ വലിയ രീതിയിലുള്ള മാറ്റമുണ്ടാകും. കേരളത്തിൽ നിന്ന് ഇതുവരെ “ആറ്” കോടിയിൽ അധികം രൂപയാണ് മാളികപ്പുറം നേടിയിട്ടുള്ളതെന്ന് സിനിമയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ പുറത്തുവിട്ട വിവരം. ഇതുവരെയുള്ളതിൽ മൂന്നാം ദിനമാണ് മാളികപ്പുറം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയത്.

ആദ്യ രണ്ട് ദിവസതിനേക്കാൾ കൂടുതൽ കളക്ഷൻ നാലും അഞ്ചും ദിവസങ്ങളിലും കേരളത്തിൽ നിന്ന് നേടി. ആറാം ദിനവും മോശമല്ലാത്ത രീതിയിലുള്ള കളക്ഷൻ സിനിമ നേടിയിട്ടുണ്ട്. വരുന്ന വെള്ളി, ശനി, ഞായർ ദിവസങ്ങൾ കൂടി കഴിയുമ്പോൾ കേരളത്തിൽ നിന്ന് മാത്രം പത്ത് കോടിയിൽ അധികം കളക്ഷൻ നേടുമെന്നാണ് അണിയറ പ്രവർത്തകർ പ്രതീക്ഷിക്കുന്നത്. ബാക്കിയുള്ള സ്ഥലത്ത് കൂടി റിലീസ് ചെയ്യുന്നത് കൊണ്ട് തന്നെ 15-20 കോടി വരെ വേൾഡ് വൈഡ് ഈ ആഴ്ചയോടെ നേടുമെന്ന് കരുതുന്നു.

ഉണ്ണി മുകുന്ദന്റെ പ്രകടനം പോലെ തന്നെ ദേവനന്ദ, ശ്രീപത് എന്നീ ബാലതാരങ്ങളുടെ മിന്നും പ്രകടനം കൂടിയായപ്പോൾ സിനിമയ്ക്ക് ആദ്യ ദിനം തന്നെ മികച്ച അഭിപ്രായമാണ് ലഭിച്ചിരുന്നത്. ജയസൂര്യ, നാദിർഷാ, അനൂപ് മേനോൻ, തുടങ്ങിയ നിരവധി താരങ്ങൾ ഇതിനോടകം സിനിമയെ പ്രശംസിച്ച് പോസ്റ്റുകൾ ഇട്ടിട്ടുണ്ടായിരുന്നു. സൈജു കുറുപ്പ്, രഞ്ജി പണിക്കർ, അൽഫി പഞ്ഞിക്കാരൻ, ടി.ജി രവി, മനോജ് കെ ജയൻ തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.