‘എന്നെ ‘പ്രളയം സ്റ്റാർ’ എന്ന് വിളിക്കുന്നു!! ഞാൻ എന്ത് തെറ്റാണ് ചെയ്തത്..’ – പ്രതികരിച്ച് നടൻ ടോവിനോ തോമസ്

2018-ലെ പ്രളയ സമയത്ത് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയ ഒരു താരമായിരുന്നു ടോവിനോ തോമസ്. ടോവിനോ ചെയ്യുന്ന നല്ല പ്രവർത്തികളെ ഒരുപാട് ആളുകൾ ആ സമയത്ത് അംഗീകരിച്ചിരുന്നു. ആദ്യം പ്രശംസിച്ചവർ തന്നെ പിന്നീട് വിമർശിച്ച് രംഗത്ത് വന്നു. ടോവിനോയുടെ പി.ആർ വർക്ക് ആയിരുന്നു അതെന്നായിരുന്നു ആദ്യത്തെ വിമർശനം, പോകെപോകെ പ്രളയം സ്റ്റാർ എന്ന വിളിപ്പേരും താരത്തിന് വീണു.

പ്രളയ സമയത്തെ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഒരു സിനിമ പുറത്തിറങ്ങുകയാണ്. ജൂഡ് അന്തോണി ജോസഫ് സംവിധാനം ചെയ്യുന്ന ‘2018’ എന്ന സിനിമയിൽ ടോവിനോയും ഒരു പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടന്ന പ്രസ് മീറ്റിൽ ടോവിനോ തനിക്ക് നേരെ പ്രളയ കാലത്തുണ്ടായ ട്രോളുകളെയും വിമർശനങ്ങളെയും കുറിച്ച് പ്രതികരിച്ചിരിക്കുകയാണ്.

“ആ സമയത്ത് ഒരു രണ്ടാഴ്ച കൂടി മഴ പെയ്തിരുന്നേൽ കേരളം മുഴുവനും മുങ്ങിപോകുമെന്നല്ലേ നമ്മളൊക്കെ വിചാരിച്ചിരുന്നത്. മഴ മാറുമെന്നും നമ്മളെ എല്ലാം പഴയത് പോലെയാകുമെന്ന് നമ്മുക്ക് അറിയാമായിരുന്നോ? എനിക്കും അറിയില്ലായിരുന്നു. അപ്പോൾ ചവാൻ നിൽക്കുന്ന സമയത്ത് പിആർ വർക്കിനെ കുറിച്ച് ചിന്തിക്കാൻ മാത്രമുള്ള ബുദ്ധിയോ ദീര്‍ഘ വീക്ഷണമോ എനിക്ക് ഉണ്ടായിരുന്നില്ല. ആ സമയത്ത് ഞാൻ ചെയ്ത കാര്യങ്ങൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടോ എന്ന് എനിക്ക് അറിയില്ല.

മൊബൈൽ ഫോണും കൊണ്ട് കുത്തിയിരുന്ന നമ്മളെയൊക്കെ പാഴുക്കളാണെന്ന് പറഞ്ഞവരല്ലേ നമ്മളെ കണ്ട്രോൾ റൂമുകളായി പ്രവർത്തിക്കുന്നത് കണ്ടത്. എല്ലാവരും ചെയ്യുന്നത് പോലെ തന്നെ എന്റെ കഴിവ് പോലെ ഞാനും ചെയ്തു. അതിന്റെ പേരിൽ വിമർശിക്കപ്പെട്ടപ്പോൾ എനിക്ക് വിഷമമുണ്ടായി. ഇത് നടന്ന സമയത്ത് എന്നെ പറ്റി വളരെ നല്ല കാര്യങ്ങളാണ് വന്നത്. പിന്നീട് അത് മാറി. നിങ്ങൾ ഒന്ന് ആലോചിച്ച് നോക്കിക്കേ പ്രളയം വന്ന സമയത്ത് ആളുകളെ എന്നെ ‘പ്രളയം സ്റ്റാർ’ എന്നാണ് വിളിച്ചിരുന്നത്.

ഞാൻ എന്ത് തെറ്റാണ് ചെയ്തിട്ടുള്ളത്!! പിന്നെ തമാശകൾ എന്നെ പറ്റിയുള്ളതാണെങ്കിൽ കൂടിയും ഒരു പരിധി വരെ ഞാൻ ആസ്വദിക്കും. ഒരു സമയം കഴിഞ്ഞപ്പോൾ എന്റെ സിനിമ ഇറങ്ങിയാൽ മഴ പെയ്യും, ഞാനീ നാടിന് എന്തോ ആപത്താണ്, ഞാനൊരു ദുശ്ശകുനമാണ്, മായനദി ഇറങ്ങിയതുകൊണ്ടാണ് നദികൾ കരകവിഞ്ഞ് ഒഴുകിയത് എന്ന് വരെ പറഞ്ഞു. എന്നെ ആ സമയത്ത് വളരെ വിഷമിപ്പിച്ച ഒരു കാര്യമാണ്.. അത് കഴിഞ്ഞു..”, ടോവിനോ മാധ്യമങ്ങളോട് പ്രതികരിച്ചു.


Posted

in

by