സുദിപ്തോ സെൻ സംവിധാനം ചെയ്ത റിലീസിനായി കാത്തിരിക്കുന്ന ഹിന്ദി ചിത്രമാണ് ദി കേരള സ്റ്റോറി. മെയ് അഞ്ചിന് റിലീസ് ചെയ്യുന്ന സിനിമ കേരളത്തിൽ നടക്കുന്ന സംഭവങ്ങളെ ആസ്പദമാക്കിയുള്ള കഥയാണെന്നാണ് സിനിമയുടെ അണിയറപ്രവർത്തകർ വെളിപ്പെടുത്തിയിരിക്കുന്നത്. കേരളത്തിലുള്ള ചില ഹിന്ദു പെൺകുട്ടികളെ മതംമാറ്റിയ ശേഷം അവരെ ഐ.എസിൽ ചേർക്കുന്നു എന്നാണ് സിനിമയുടെ ട്രെയിലറിൽ കാണിച്ചിരിക്കുന്നത്.
ടീസർ ഇറങ്ങിയപ്പോൾ മുതൽ വിവാദങ്ങളും ഒപ്പമുള്ള ഒരു സിനിമയാണ് ഇത്. ടീസറിൽ 32000 ഹിന്ദു, ക്രിസ്ത്യൻ പെൺകുട്ടികളെ ഇത്തരത്തിൽ മതം മാറ്റിയ ശേഷം ഐഎസിലേക്ക് കൊണ്ടുപോയിട്ടുണ്ടെന്ന് കാണിച്ചിരുന്നത്. തെറ്റായ കണക്ക് കാണിച്ചതെന്ന് ചൂണ്ടിക്കാണിച്ചാണ് വിവാദങ്ങൾ പുറപ്പെട്ടത്. സിനിമ റിലീസ് ചെയ്യുന്നത് തടയണമെന്ന് വരെ അഭിപ്രായങ്ങൾ വരികയുണ്ടായി. കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും ഒരേസ്വരത്തിൽ തന്നെയാണ് ഇതിനെതിരെ പ്രതികരിച്ചത്.
കേരളത്തിലെ ഐക്യം തകർക്കാൻ വേണ്ടിയാണ് ഇത്തരമൊരു സിനിമ ഇറക്കുന്നതെന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. അതേസമയം വിവാദങ്ങളും കേസും ഒക്കെ സിനിമയ്ക്ക് ഗുണം ചെയ്തിരിക്കുകയാണ്. പ്രമുഖ സിനിമ റിവ്യൂ, റേറ്റിംഗ് വെബ് സൈറ്റായ ഐഎംഡിബിയുടെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകൾ/ടെലിവിഷൻ ഷോസിന്റെ ലിസ്റ്റിൽ ഒന്നാമത് എത്തിയിരിക്കുന്നത് ദി കേരള സ്റ്റോറിയാണ്.
34.5% ആളുകളാണ് ഈ സിനിമയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ സൈറ്റിൽ വിസിറ്റ് ചെയ്യുന്നത്. രണ്ടാമതുള്ള കിംഗ് ഖാൻ ഷാരൂഖിന്റെ ജവാനാണ്. പ്രഭാസ് നായകനായി എത്തുന്ന ആദിപുരുഷ് ആണ് ലിസ്റ്റിൽ മൂന്നാമതുള്ളത്. മലയാള സിനിമയായ നെയ്മറും ലിസ്റ്റിൽ ഇടംപിടിച്ചിട്ടുണ്ട്. എട്ടാം സ്ഥാനത്താണ് നെയ്മറുള്ളത്. എന്തായാലും വിവാദങ്ങൾ ഉണ്ടായതോടെ ദി കേരള സ്റ്റോറിക്ക് ഗുണമാണ് ലഭിച്ചിരിക്കുന്നത്.