സമൂഹ മാധ്യമങ്ങളിൽ വരുന്ന അഭിമുഖങ്ങളിൽ അവതാരകരുടെ ചോദ്യങ്ങളെ കുറിച്ച് പലപ്പോഴും വിമർശനങ്ങൾ ഉയരാറുണ്ട്. അതൊരിക്കൽ കൂടി തെളിയിക്കുന്ന അവതാരകനെ മലയാളികൾ ഈ കഴിഞ്ഞ ദിവസം കണ്ടു. സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച ബാലതാരമായി തിരഞ്ഞെടുക്കപ്പെട്ട തന്മയ എന്ന കുട്ടിയോട് ബോഡി ഷെയിമിംഗ് നടത്തുന്ന രീതിയിലുള്ള ചോദ്യം ഒരു അവതാരകൻ ചോദിച്ചിരുന്നു.
സുന്ദരിയായ ദേവാനന്ദയ്ക്ക് അവാർഡ് കിട്ടുമെന്നാണ് പലരും പ്രതീക്ഷിച്ചിരുന്നതെന്നും തന്മയ്ക്ക് അവാർഡ് കിട്ടിയപ്പോൾ എന്താണ് തോന്നിയതെന്നും ആയിരുന്നു അവതാരകന്റെ ചോദ്യം. ഇതിന് തന്മയയുടെ മറുപടിയാണ് മലയാളികളുടെ പ്രശംസയ്ക്ക് അർഹമായിരിക്കുന്നത്. “എന്റെ അഭിപ്രായമായിട്ട് ചോദിച്ചാൽ സന്തോഷമേയുള്ളൂ. അത് ഞാൻ നേരത്തെയും പറഞ്ഞിട്ടുണ്ട്. കളിയാക്കലുകൾ എല്ലാവർക്കും കിട്ടില്ല.
ഒരുപാട് ഉയരത്തിൽ നിൽക്കുന്നവർക്കേ കളിയാക്കലുകൾ കിട്ടുകയുള്ളൂ. അപ്പോൾ അത്രയ്ക്കും ഉയരത്തിൽ എത്തിയെന്ന് വേണമെങ്കിൽ എനിക്ക് കരുതാം. അത് ആലോചിച്ച് വിഷമപ്പെടുന്നത് ടൈം വേസ്റ്റ് ആണ്. പിന്നെ എനിക്ക് തോന്നുന്നില്ല. സൗന്ദര്യം എന്നത് വെളുപ്പാണെന്ന്! ചേട്ടൻ ഇപ്പോൾ പറഞ്ഞിരുന്നല്ലോ.. ദേവനന്ദാ ഭയങ്കര സുന്ദരിയാണല്ലോ എന്ന്, ശരിയാണ് സുന്ദരിയാണ്. അതിന്റെ അർഥം ഞാൻ സുന്ദരിയല്ല എന്നാണോ ചേട്ടൻ പറയുന്നത്?
വെളുത്തതായാൽ മാത്രമേ സുന്ദരിയാകൂ എന്നാണോ ചേട്ടൻ പറയുന്നത്. ജനങ്ങൾക്ക് ഓരോ അഭിപ്രായം കാണും. പറയുന്നവർ പറയട്ടെ. എനിക്ക് അത് കേൾക്കാനും നല്ല രസമുണ്ട്. എന്റെ ആഗ്രഹം മലയാളത്തിലും തമിഴിലുമെല്ലാം അഭിനയിക്കണമെന്നാണ്. ഹോളിവുഡിലെ തിമോത്തി ചാലമേയ്ക്ക് ഒപ്പം അഭിനയിക്കണമെന്നാണ് എന്റെ ആഗ്രഹം..”, തന്മയ പറഞ്ഞു. തന്മയയുടെ മറുപടി കേട്ട് അവതാരകൻ അത് തനിക്ക് തോന്നിയതല്ല ആളുകൾ പറഞ്ഞതാണെന്ന് പറഞ്ഞ് തടിതപ്പി.