കഴിഞ്ഞ ദിവസമാണ് സീരിയൽ നടിയായ രഞ്ജുഷ മേനോന്റെ അപ്രതീക്ഷിതമായ വിയോഗത്തിന്റെ വാർത്ത മലയാളികൾ അറിഞ്ഞത്. ആ വേദന മാറുന്നതിന് മുമ്പ് ഇപ്പോൾ മറ്റൊരു ദുഖകരമായ മരണ വാർത്ത കൂടി വന്നിരിക്കുകയാണ്. ടെലിവിഷൻ താരമായ ഡോക്ടർ പ്രിയ ഹൃദയസ്തംഭനം മൂലം മരണത്തിന് കീഴടങ്ങിയത്. ഈ കാര്യം സിനിമ, സീരിയൽ നടനായ കിഷോർ സത്യയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.
പ്രിയ എട്ട് മാസം ഗർഭിണിയായിരിക്കെയാണ് മരണം സംഭവിച്ചിരിക്കുന്നതെന്നാണ് മറ്റൊരു സങ്കടപ്പെടുത്തുന്ന കാര്യം. അതെ സമയം കുഞ്ഞ് ഐ.സി.യുവിൽ ആണെന്നും കിഷോർ സത്യം പോസ്റ്റിൽ കുറിച്ചിട്ടുണ്ട്. “മലയാളം ടെലിവിഷൻ മേഖലയിൽ നൊമ്പരപ്പെടുത്തുന്ന ഒരു അപ്രതീക്ഷിത മരണം കൂടി. ഡോക്ടർ പ്രിയ ഇന്നലെ ഹൃദയസ്തംഭനം മൂലം മരിച്ചു. എട്ട് മാസം ഗർഭിണിയായിരുന്നു. കുഞ്ഞ് ഐസിയുവിലാണ്. മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇല്ലായിരുന്നു.
ഇന്നലെ പതിവ് പരിശോധനങ്ങൾക്ക് ആശുപത്രിയിൽ പോയതായിരുന്നു. അവിടെവച്ച് പെട്ടന്ന് കാർഡിയാക് അറസ്റ്റ് ഉണ്ടാവുകയായിരുന്നു. ഏകമകളുടെ മരണം ഉൾകൊള്ളാനാവാതെ വിതുമ്പുന്ന അമ്മ.. ആറ് മാസമായി എങ്ങും പോകാതെ പ്രിയയോടൊപ്പം സ്നേഹകൂട്ടാളിയായി നിന്ന ഭർത്താവിന്റെ വേദന. ഇന്നലെ രാത്രിയിൽ ആശുപത്രിയിൽ ചെല്ലുമ്പോൾ കാണുന്ന കാഴ്ച മനസ്സിൽ സങ്കടമഴയായി. എന്ത് പറഞ്ഞ് അവരെ ആശ്വസിപ്പിക്കും. വിശ്വാസികളായ ആ സാധു മനസുകളോട് എന്തിന് ദൈവം ഈ ക്രൂരത കാട്ടി!
മനസ്സ് ചോദ്യങ്ങൾ ആവർത്തിച്ചുകൊണ്ടേയിരുന്നു. ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ. രഞ്ജുഷയുടെ മരണവാർത്തയുടെ ഞെട്ടൽ മുമ്പ് അടുത്ത ഒന്നുകൂടി.. 35 വയസ്സ് മാത്രം പ്രായമുളള ഒരാൾ ഈ ലോകത്ത് നിന്ന് പോകുമ്പോൾ ആദരാജ്ഞലികൾ എന്ന് പറയാൻ മനസ്സ് അനുവദിക്കുന്നില്ല. ഈ തകർച്ചയിൽ നിന്നും പ്രിയയുടെ അമ്മയെയും ഭർത്താവിനെയും എങ്ങനെ കരകയറ്റും.. അറിയില്ല! അവരുടെ മനസ്സുകൾക്ക് അതിനുള്ള ശക്തിയുണ്ടാവട്ടെ..”, കിഷോർ സത്യ കുറിച്ചു.