മൂന്ന് വർഷങ്ങൾക്ക് ശേഷം തമന്ന ബോളിവുഡിൽ അഭിനയിക്കുന്ന ചിത്രമാണ് ബബ്ലി ബൗൺസർ. ഇന്ദു സർക്കാർ എന്ന സിനിമയ്ക്ക് ശേഷം മധുർ ഭാണ്ഡർകർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തമന്ന ഒരു ബൗൺസർ ജോലിക്കാരിയായിട്ടാണ് അഭിനയിക്കുന്നത്. നൈറ്റ് ക്ലബ്ബുകളിലെയോ കാസിനോകളിലെയോ ഡോർ വുമൺ, സെക്യൂരിറ്റി ഗാർഡ് എന്നൊക്കെയാണ് ബൗൺസർ ജോലി കൊണ്ട് വിശേഷിപ്പിക്കുന്നത്.
തമന്ന ആദ്യമായിട്ടാണ് ഇത്തരത്തിൽ ഒരു വേഷത്തിൽ അഭിനയിക്കുന്നത്. ഇന്ത്യൻ സിനിമയിൽ ഇതുപോലെയുള്ള റോൾ ആരെങ്കിലും അഭിനയിച്ചിട്ടുണ്ടോ എന്നത് പോലും സംശയമാണ്. ബബ്ലി എന്ന കഥാപാത്രത്തെയാണ് തമന്ന സിനിമയിൽ അവതരിപ്പിക്കുന്നത്. സിനിമയുടെ ട്രെയിലർ പുറത്തിറങ്ങിയിരിക്കുകയാണ്. തമന്നയുടെ ഗംഭീര പ്രകടനം തന്നെയാണ് ട്രെയിലറിൽ ഉടനീളം കാണാൻ സാധിക്കുന്നത്.
ഹിന്ദിയ്ക്ക് പുറമേ തെലുങ്കിലും തമിഴിലും സിനിമ ഒരുപോലെ ഷൂട്ട് ചെയ്താണ് ഇറങ്ങുന്നത്. തിയേറ്റർ റിലീസ് പ്രതീക്ഷിച്ചിരുന്നെങ്കിലും ബോളിവുഡിൽ ഇപ്പോഴത്തെ സാഹചര്യം വച്ച് അണിയറ പ്രവർത്തകർ ഒ.ടി.ടി റിലീസിനാണ് തയാറെടുക്കുന്നത്. ഡിസ്നി ഹോട്ട്.സ്റ്റാറിലാണ് ബബ്ലി ബൗൺസർ റിലീസ് ചെയ്യുന്നത്. സെപ്റ്റംബർ 23-നാണ് സിനിമ റിലീസ് ചെയ്യാൻ ഡിസ്നി തീരുമാനിച്ചിരിക്കുന്നത്.
മധുർ ഭാണ്ഡർകർ, അമിത് ജോഷി, ആരാധന ദേബ്നാഥ് എന്നിവർ ചേർന്നാണ് സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. വിനീത് ജെയിനും അമൃത പാണ്ഡെയും ചേർന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. ഈ മെയിലായിരുന്നു സിനിമയുടെ ഷൂട്ടിംഗ് അവസാനിച്ചത്. പഞ്ചാബ്, ന്യൂ ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ വച്ചായിരുന്നു സിനിമയുടെ ഷൂട്ടിംഗ് നടന്നിരുന്നത്. എന്തായാലും പ്രേക്ഷകർ തമന്നയുടെ പ്രകടനം കാണാൻ കാത്തിരിക്കുകയാണ്.