‘എന്റെയും ലെനയുടെയും സെക്കന്റ് ഇന്നിംഗ്സ്, ജീവിത കാലം മുഴുവനുള്ള ഇന്നിംഗ്സ് ആകും ഇത്..’ – ഗഗൻയാൻ ക്യാപ്റ്റൻ പ്രശാന്ത്

പ്രശസ്ത സിനിമ നടി ലെനയും ഇന്ത്യൻ ബഹിരാകാശയാത്രയായ ഗഗൻയാൻ ദൗത്യ തലവൻ പ്രശാന്ത് നായരും തമ്മിലുള്ള വിവാഹ വാർത്ത വന്നത് ഈ കഴിഞ്ഞ ദിവസമായിരുന്നു. രാജ്യത്തിൻറെ പ്രധാനമന്ത്രി നരേന്ദ്രമോദി, ആദ്യത്തെ ഇന്ത്യൻ ബഹിരാകാശ യാത്രികരുടെ പേരുവിവരം പുറത്തുവിട്ട അതെ ദിവസം തന്നെയാണ് ലെന പ്രശാന്തുമായി വിവാഹിതരായി എന്ന് വെളിപ്പെടുത്തിയത്. ജനുവരിയിൽ നടന്ന വിവാഹം ഒരു മാസത്തോളം പുറത്തുവരാതെ ലെന സൂക്ഷിക്കുകയും ചെയ്തിരുന്നു.

പ്രശാന്തിന്റെ യാത്രയുടെ ഔദ്യോഗികമായി ആവശ്യപ്പെടുന്ന രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കാൻ വേണ്ടിയാണ് ലെന ഒരു മാസം വരെ കാത്തിരുന്നത്. മലയാളികൾ ആരും തന്നെ പ്രതീക്ഷിക്കാത്ത ഒരു വാർത്ത കൂടിയായിരുന്നു അത്. വിവാഹത്തിന് പങ്കെടുത്തപ്പോഴുള്ള വീഡിയോ പ്രശസ്ത ഷെഫായ ഷെഫ് പിള്ള പങ്കുവച്ചിട്ടുണ്ടായിരുന്നു. അതിൽ പ്രശാന്ത് പറയുന്ന വാക്കുകളാണ് ഇപ്പോൾ വൈറലായി മാറുന്നത്.

“നിങ്ങളുടെ വിലയേറിയ സമയം മാറ്റിവച്ച് ഈ മനോഹരമായ മുഹൂർത്തത്തിൽ പങ്കെടുക്കാൻ വന്ന എല്ലാവരോടും നന്ദിയുണ്ട്.. ഇത് ഞങ്ങൾ രണ്ടുപേരുടെയും രണ്ടാമത്തെ ഇന്നിംഗ്സ് ആണ്. നിങ്ങളെ എല്ലാവരെയും ഈ രാത്രിയിൽ ഇവിടെ കാണുമ്പോൾ, ഇത് എല്ലായിപ്പോഴുമുള്ള ഒരു ഇന്നിംഗ്സ് ആകുമെന്ന് എനിക്ക് തോന്നുന്നു.. ഞങ്ങൾ ഇത് ഏറെ ഇഷ്ടപ്പെടുന്നു.. എല്ലാവരോടും ഒരുപാട് സ്നേഹം..”, പ്രശാന്ത് പറഞ്ഞു.

വിവാഹം കഴിഞ്ഞ കാര്യം ലെന പുറത്തുപറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ഷെഫ് പിള്ള ഈ വീഡിയോ പങ്കുവച്ചുകൊണ്ട് നവദമ്പതികൾക്ക് ആശംസകൾ നേർന്നത്. വിവാഹം കഴിഞ്ഞ് റിസപ്ഷനിൽ എടുത്ത വീഡിയോയാണ് ഇത്. ഇരുവരും കേക്ക് മുറിച്ച് പരസ്പരം വായിൽ വച്ചുകൊടുക്കുകയും ലെനയുടെ കവിളിൽ ഒരു ചുംബനം നൽക്കുകയും ചെയ്യുന്നതുകൊണ്ട് വീഡിയോയിൽ കാണാൻ സാധിക്കും. ഇരുവർക്കും ആശംസകൾ നേർന്ന് നിരവധി കമന്റുകളും വന്നിട്ടുണ്ട്.