‘തിയറ്റർ പരിസരത്ത് റിവ്യൂ വേണ്ട! അവരെ ഇനി തിയേറ്ററിൽ അടുപ്പിക്കില്ല..’ – കടുത്ത നടപടിയുമായി നിർമാതാക്കൾ

സിനിമ റിവ്യൂ ബോം ബിങ് പശ്ചാത്തലത്തിൽ സിനിമ പ്രൊമോഷൻ ഉൾപ്പടെ പ്രോട്ടോകോൾ കൊണ്ടുവരുമെന്നും തിയേറ്റർ പരിസരത്ത് റിവ്യൂ അനുവദിക്കില്ലെന്നും നിർമാതാക്കളുടെ സംഘടന. സിനിമ മോശമാക്കാൻ ശ്രമിക്കുന്നുവെന്ന പരാതിയിൽ ആദ്യ കേസെടുത്തതിന് പിന്നാലെ ഹൈക്കോടതിക്ക് നന്ദി പറയുകയും ചെയ്തു സംഘടനയുടെ വൈസ് പ്രസിഡന്റ് കൂടിയായ നിർമാതാവ് ജി സുരേഷ് കുമാർ.

“ആദ്യമായിട്ട് ബഹുമാനപ്പെട്ട ഹൈകോടതിയോടെയാണ് നന്ദി പറയാനുള്ളത്. ഇത് വളരെ മോശപ്പെട്ട ഒരു പ്രവണതയാണ്. കുറെ നാളായി തുടങ്ങിയിട്ടു. ഒരു സിനിമ എടുത്തുകൊണ്ടുവരുന്ന പ്രൊഡ്യൂസറുടെ സങ്കടമോ കണ്ണീരോ ഒന്നും ആരും കാണില്ല. ഒരു ചെറിയ മൊബൈൽ ക്യാമറയും എടുത്തുകൊണ്ട് എന്തെങ്കിലും എടുത്തിട്ട് അവർക്ക് യൂട്യൂബിലൂടെ ലാഭം ഉണ്ടാക്കാൻ വേണ്ടി ചെയ്യുന്നത് വളരെ മോശമാണ്.

പ്രൊഡ്യൂസറെ താറടിച്ചു കാണിക്കുക, അതിന്റെ സംവിധായകരെ താറടിച്ചു കാണിക്കുക.. അതിൽ അഭിനയിച്ചവരെ കുറിച്ച് മോശം പറയുക.. ചില പെൺകുട്ടികളെ ബോഡി ഷെമിങ് വരെ ചെയ്യുന്നുണ്ട്. അങ്ങനെ വരെ എത്തി കഴിഞ്ഞു. അഭിപ്രായസ്വാന്തന്ത്ര്യം എന്ന് പറയുന്നത് ഇതാണോ? എന്റെ സിനിമ മോശമാണെന്ന് പറയുന്നതാണോ അഭിപ്രായസ്വാതന്ത്ര്യം? എനിക്കെന്താ അതൊന്നും അപ്പോഴില്ലേ?

തിയേറ്ററിന്റെ പരിസരത്ത് റിവ്യൂ ചെയ്യാൻ ആരെയും കയറ്റുകയില്ല. തിയേറ്ററിന്റെ കോമ്പോണ്ടിൽ നിന്ന് അഭിപ്രായം പറയാൻ ഞങ്ങൾ അനുവദിക്കുകയില്ല. അതിനുള്ള തീരുമാനം ഞങ്ങൾ ആലോചിക്കുന്നുണ്ട്. ഇതിനെതിരെ വളരെ ശക്തമായി നേരിടാൻ ഞങ്ങൾ ഇറങ്ങുകയാണ്..”, ജി സുരേഷ് കുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. റാഹേൽ മകൻ കോര എന്ന സിനിമയുടെ സംവിധായകന്റെ പരാതിയിലാണ് ആദ്യ കേസ് എടുത്തിരിക്കുന്നത്.