കുവൈറ്റിലെ ഫ്ലാറ്റിൽ ഉണ്ടായ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം ഇന്ന് എയർപോർട്ടിൽ എത്തിയപ്പോൾ രാഷ്ട്രീയഭേദമില്ലാതെ എല്ലാവരും അത് ഏറ്റുവാങ്ങാൻ വേണ്ടി എത്തിയിരുന്നു. കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി വീണ ജോർജിന് കുവൈറ്റിൽ പോകാൻ അനുമതി നിഷേധിച്ചെന്ന് ആരോപണം ഉയർന്നിരുന്നു. ആരോഗ്യമന്ത്രിക്ക് മറുപടിയുമായി ഇപ്പോൾ കേന്ദ്രമന്ത്രി കൂടിയായ സുരേഷ് ഗോപി തന്നെ രംഗത്ത് വന്നിരിക്കുകയാണ്.
“ഈ സമയത്ത് അങ്ങനെയുള്ള വിവാദങ്ങൾക്ക് ഒന്നും ഒരു സ്ഥാനവുമില്ല. നിങ്ങൾ ഇതിൽ രാഷ്ട്രീയം കാണരുത്. ഓരോ പോസ്റ്റിനും ഒരു ഡിസൈനേഷനുണ്ട്. അവർക്ക് ചുമതലകളുണ്ട്. രാജ്യത്തിൻറെ വിദേശകാര്യ മന്ത്രാലയമെന്ന് പറയുന്നത് ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യാൻ വേണ്ടിയാണ് ഉള്ളത്. നിങ്ങൾ ഇടയ്ക്കിടെ പറയാറുള്ള കോ-ഓപ്പറേറ്റീവ് ഫെഡറലിസിത്തിന്റെ ഭാഗമായിട്ട് മാത്രമാണ് പ്രവർത്തിച്ചിട്ടുള്ളത്. ഡോക്ടർ എസ് ജയശങ്കറിന്റെ കൃത്യമായ നടപടിക്രമങ്ങളെയാണ് ഞാൻ ആദരിക്കുന്നത്.
അദ്ദേഹത്തിന്റെ ചുമതലയാണ് ഇത്. അദ്ദേഹവും അദ്ദേഹത്തിന്റെ മിനിസ്റ്ററിയും വളരെ കൃത്യമായി അത് ചെയ്തിട്ടുണ്ട്. രാജ്യത്തിൻറെ ആവശ്യം നിറവേറ്റ നിയോഗിക്കപ്പെട്ടിട്ടുള്ളവർ അത് ചെയ്യും. അതിൽ എന്തെങ്കിലും വീഴ്ച വന്നെങ്കിൽ നിങ്ങൾക്ക് ചോദ്യം ചെയ്യാം! മലയാളിയല്ലല്ലോ.. അവരെല്ലാം ഭാരതീയരാണ്. ഭാരതത്തിന്റെ മക്കളാണ്. ഒരു രാജ്യം വിട്ടു പുറത്തുപോയി കഴിഞ്ഞാൽ ഭാരതത്തിന്റെ പാസ്സ്പോർട്ടിലാണ് പോകുന്നത്.
ഭാരതമാണ് അവരുടെ ജീവനും സ്വത്തിനും ജീവനത്തിനും ഉത്തരവാദി. ഭാരതം അത് കൃത്യമായി ചെയ്തിട്ടുണ്ട്. ഭരണഘടനയുടെ ഘടന അങ്ങനെയല്ലേ? അതല്ല എന്ന് നിങ്ങൾ സ്ഥാപിക്കൂ.. അതൊക്ക കൃത്യമായി ചെയ്തിട്ടുണ്ട്. വെറുതെ അനാവശ്യമായ ഒരു വിവാദമൊന്നും ഉണ്ടാക്കേണ്ട കാര്യമില്ല! നടപടികൾ ക്രമങ്ങൾ വേഗമാക്കിയില്ലേ? ഇതിന് അകത്ത് നിങ്ങൾക്ക് എന്ത് കുറ്റമാണ് പറയാനുള്ളത്! ഒരു വിമർശനത്തിനും ഇട വരുത്താത്ത രീതിയിൽ പ്രവർത്തിച്ചിട്ടുണ്ട്..”, സുരേഷ് ഗോപി പറഞ്ഞു.