20 വർഷത്തോളമായി മലയാള സിനിമയിൽ സജീവ സാന്നിധ്യമായി നിൽക്കുന്ന ഒരാളാണ് നടൻ സുരാജ് വെഞ്ഞാറമൂട്. മിമിക്രി കലാകാരനായ സുരാജ് സ്റ്റേജ് ഷോകളിലും ടെലിവിഷൻ പ്രോഗ്രാമുകളിലൂടെയും കരിയർ ആരംഭിച്ച് പിന്നീട് സിനിമയിലേക്ക് എത്തുകയും ഹാസ്യ റോളുകളിൽ മലയാളികളുടെ മനസ്സ് കീഴടക്കുകയും ചെയ്ത ഇന്ന് നായകനായും വില്ലനായുമൊക്കെ നിറഞ്ഞ് നിൽക്കുന്ന ഒരാളാണ്.
2016-ന് ശേഷം സുരാജ് സിനിമയിൽ ചെയ്യുന്ന വേഷങ്ങൾ കൂടുതൽ സീരിയസ് റോളുകളാണ്. സ്വാഭാവികമായ അഭിനയ ശൈലിയും ഇന്ന് സുരാജിൽ മലയാളികൾക്ക് കാണാൻ സാധിക്കും. ടെലിവിഷൻ ഷോകളിൽ അവതാരകനായും സുരാജ് പലപ്പോഴും തിളങ്ങിയിട്ടുണ്ട്. ഫ്ലാവേഴ്സ് ടിവിയിലെ കോമഡി സൂപ്പർ നൈറ്റിൽ സുരാജ് ആയിരുന്നു അവതാരകനായി രണ്ട് മൂന്ന് സീസണുകളിൽ പ്രേക്ഷകരെ കൈയിലെടുത്തിരുന്നത്.
അതിലെ ഒരു എപ്പിസോഡിൽ സഹാവതാരകയായ അശ്വതിയുടെ കൈയിലെ ചരട് കെട്ടിയതിനെ കുറിച്ച് തമാശ രൂപേണ ഒരു കാര്യം പറഞ്ഞിരുന്നു. പക്ഷേ വർഷങ്ങൾക്ക് ശേഷം അത് സമൂഹ മാധ്യമങ്ങളിൽ വീണ്ടും പ്രചരിക്കുകയും സുരാജിന് വിമർശനങ്ങൾ കേൾക്കുകയും ചെയ്തിരുന്നു. ഹിന്ദു വിശ്വാസത്തെ മോശമായി കാണിച്ചുവെന്ന് ചൂണ്ടിക്കാണിച്ചാണ് വിമർശനങ്ങൾ അന്ന് ഉയർന്നത്. വീണ്ടും അത് ഒരിക്കൽ കൂടി ചർച്ചയാവുകയാണ്.
ഈ കഴിഞ്ഞ ദിവസം ചിങ്ങം ഒന്നിന് സുരാജ് വെഞ്ഞാറമൂട് ശബരിമലയിൽ ദർശനം നടത്തിയിരുന്നു. അവിടെ വച്ച് തന്റെ കൈയിൽ ചരട് ജപിച്ച് കെട്ടുന്നതിന്റെ ഫോട്ടോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്. അന്ന് സഹ അവതാരകയെ തമാശയിൽ കളിയാക്കിയ സുരാജ് എന്തിനാണ് കൈയിൽ ചരട് ജപിച്ചുകെട്ടുന്നത് എന്നും ആരോപിച്ചാണ് സോഷ്യലിടങ്ങളിൽ ചർച്ചകൾ നടക്കുന്നത്.