തന്റെ കുടുംബം മുഴുവനും ചോറ്റാനിക്കര അമ്മയുടെ ഭക്തരാണെന്ന് നടൻ സുരാജ് വെഞ്ഞാറമൂട്. ചോറ്റാനിക്കര ക്ഷേത്രത്തിൽ നവരാത്രി ഉത്സവ ആഘോഷങ്ങളുടെ തുടക്കം കുറിച്ചുള്ള ചടങ്ങിൽ പങ്കെടുക്കുന്ന വേദിയിലാണ് സുരാജ് ഈ കാര്യം പറഞ്ഞത്. തനിക്ക് മൂന്ന് കുട്ടികളുണ്ടായപ്പോഴും ഓരോ അവാർഡ് ലഭിച്ചെന്നും ഓസ്കാർ കിട്ടാൻ വേണ്ടി നാലാമത് ഒരു കുട്ടിക്ക് വേണ്ടി ശ്രമിക്കാനും തയാറാണെന്നും വേദിയിൽ സുരാജ് പറഞ്ഞു.
“ജന്മം കൊണ്ട് ഞാൻ വെഞ്ഞാറമൂട് കാരനാണെങ്കിലും കർമം കൊണ്ട് ഞാനിപ്പോൾ കൊച്ചിക്കാരൻ ആയിരിക്കുകയാണ്. പന്ത്രണ്ട് വർഷമായി ഞാൻ കൊച്ചിയിലാണ് താമസിക്കുന്നത്. ഞാൻ സിനിമയിൽ വരുന്നതിന് മുമ്പ് തന്നെ എന്റെ അച്ഛനും അമ്മയും ചേട്ടനും സഹോദരിയുമായിട്ടൊക്കെ ഞാൻ എന്റെ കുട്ടികാലത്ത് ഈ ചോറ്റാനിക്കര ക്ഷേത്രത്തിൽ വന്നിട്ടുണ്ട്. എന്റെ കുടുംബം എല്ലാം ഈ അമ്മയുടെ ഭക്തരാണ്.
കല്യാണത്തിന് ശേഷം എനിക്ക് മൂന്ന് കുഞ്ഞുങ്ങളുണ്ടായി. മൂന്ന് പേരുടെയും ചോറൂണ് ഈ ക്ഷേത്ര സന്നിധിയിൽ വച്ചായിരുന്നു നടന്നത്. എന്റെ ഭാര്യ മിക്കപ്പോഴും ഇവിടെ വരാറുണ്ട്. ഞാൻ ഇടയ്ക്ക് ഇവിടെ ഇടികൊണ്ട് പ്രാർത്ഥിച്ചിട്ടൊക്കെ പോകാറുണ്ട്. കാരണം നല്ല തിരക്കാണ്. മകം തൊഴാൻ വന്നാൽ അകത്തോട്ട് പോലും കയറാൻ പറ്റില്ല. എന്റെ ഭാര്യയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ടിട്ട് ഈ സ്ഥലത്ത് തന്നെ വീട് വാങ്ങണമെന്ന് തീരുമാനിച്ചത്. ഒരുപാട് കലാകാരന്മാർ ഈ ക്ഷേത്രത്തിന് അടുത്ത് താമസം ആക്കിയിട്ടുണ്ട്.
എനിക്കും വൈകാതെ വരാൻ പറ്റണമെന്നാണ് ആഗ്രഹിക്കുന്നത്. ഒരുപാട് നന്മകളുടെ ഉത്സവമാണ് നവരാത്രി. ഒരുപാട് കലാകാരന്മാർക്ക് അവസരം കിട്ടുന്ന ദിവസങ്ങളാണ് ഇനിയുള്ള ഒമ്പത് ദിവസം. എന്റെ മകൻ കാശിനാഥൻ ജനിച്ചപ്പോഴാണ് എനിക്ക് ആദ്യത്തെ സംസ്ഥാന അവാർഡ് കിട്ടിയത്. രണ്ടാമത്തെ മകൻ ജനിച്ചപ്പോഴും സംസ്ഥാന അവാർഡ് കിട്ടി. ഈ പരിപാടി കൊള്ളാമല്ലോ എന്ന് ഞാൻ വിചാരിച്ചു. ഒരു പെൺകുഞ്ഞ് വേണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു. അങ്ങനെ പെൺകുഞ്ഞ് ജനിച്ചു.
ആള് ജനിച്ചപ്പോൾ എനിക്ക് സംസ്ഥാന അവാർഡും കിട്ടി നാഷണൽ അവാർഡും കിട്ടി. ഇനി ഓസ്കാർ അവാർഡ് കിട്ടുമെങ്കിൽ നാലാമതത്തിനും ഞാൻ റെഡിയാണ്. അതിന് നിങ്ങളുടെ എല്ലാവരുടെയും സഹകരണം വേണ്ട, പ്രാർത്ഥന മാത്രം മതി. ഞാൻ ഇന്ന് ഈ കഥ ഇവിടെ പറയുമെന്ന് എന്റെ ഭാര്യയോട് പറഞ്ഞു. അവൾ പറഞ്ഞ്, നാണമില്ലേ നിങ്ങൾക്ക് മൂന്ന് അവാർഡും അത് എന്റെ കൂടി മിടുക്ക് കൊണ്ടാണ്. ഇനിയെങ്കിലും സ്വന്തമായി കഷ്ടപ്പെട്ട് ഒരു അവാർഡ് കൊണ്ടുവാ..”, സുരാജ് പറഞ്ഞു.