‘എന്നെ മൈൻഡ് ചെയ്യാതെ സുരേഷ് ഗോപി പോയി, ഒന്ന് നോക്കിയത് പോലുമില്ല..’ – അനുഭവം പങ്കുവച്ച് നടൻ സുധീർ

നിരവധി സിനിമകളിൽ വില്ലൻ വേഷങ്ങളിൽ അഭിനയിച്ച് പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായി മാറിയ ഒരാളാണ് സുധിർ സുകുമാരൻ. ചെറിയ വേഷങ്ങളിൽ തുടങ്ങിയ സുധിറിനെ പ്രേക്ഷകർ തിരിച്ചറിഞ്ഞ് തുടങ്ങിയത് ദിലീപ് നായകനായ സി.ഐ.ഡി മൂസയിൽ വില്ലനായി അഭിനയിച്ച ശേഷമാണ്. വിനയൻ സംവിധാനം ചെയ്ത ‘ഡ്രാക്കുള’ എന്ന സിനിമയിൽ പ്രധാനവേഷത്തിൽ അഭിനയിച്ചതോടെ പേരിനൊപ്പം അതും ചേർത്ത് അറിയപ്പെടാൻ തുടങ്ങി.

അപ്രതീക്ഷിതമായി ജീവിതത്തിൽ എത്തിയ വില്ലനെ നേരിട്ട് വിജയിച്ച ഒരാളാണ് സുധിർ. കാൻസറിനോട് പൊരുതി ജീവിതത്തിലേക്ക് തിരിച്ചെത്തിയ സുധീർ വീണ്ടും സിനിമയിൽ സജീവമായി. ഇപ്പോഴിതാ ഒരു സ്വകാര്യ ചാനലിൽ നടന്ന പരിപാടിയിൽ സുധിർ സുരേഷ് ഗോപിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ എങ്ങും വൈറലായി കൊണ്ടിരിക്കുന്നത്. അസുഖബാധിതനായി ആശുപത്രിയിൽ കിടക്കുമ്പോൾ ആരെങ്കിലും സഹായിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയിരുന്നു സുധിർ.

“അമ്മ സംഘടനയിൽ നിന്ന് ഒരുപാട് സഹായങ്ങൾ എനിക്ക് ലഭിച്ചിരുന്നു. പക്ഷേ എനിക്ക് എടുത്ത് പറയേണ്ട ഒരു കാര്യമുണ്ട്. ഹോസ്പിറ്റലിൽ കിടക്കുമ്പോൾ ഒരു ആക്ടർ എന്ന ലേബലിൽ ഒരുപാട് പേർ എന്നെ സഹായിക്കാൻ എത്തിയിരുന്നു. അവന് എന്ത് സഹായത്തിനും കൂടെയുണ്ടാകണം, എല്ലാ കാര്യത്തിനും ഉണ്ടായിരിക്കണം, സാമ്പത്തികമായി എന്ത് കാര്യമുണ്ടായാലും അവനോട് ചോദിക്കരുത്. എന്തുണ്ടെലും എന്നോട് ചോദിക്കണമെന്ന് ഒരാൾ അവിടെ വിളിച്ചു പറഞ്ഞിരുന്നു.

അത് മറ്റാരുമല്ല, സുരേഷ് ഗോപിയായിരുന്നു. സുരേഷേട്ടനും ഞാനുമായി വിളിക്കാറ് പോലുമില്ല, എന്റെ കൈയിൽ നമ്പർ പോലുമില്ല.. മൂന്ന് സിനിമകൾ മാത്രമാണ് ഞങ്ങൾ ഒരുമിച്ച് ചെയ്തത്. ഞാൻ കൂടുതൽ പടങ്ങളും ചെയ്തിരിക്കുന്നത് ദിലീപേട്ടന്റെയും മമ്മൂക്കയോടും കൂടെയാണ്. ആ പുള്ളിയാണ് എന്റെ എല്ലാ കാര്യത്തിലും സഹായിക്കാൻ മുന്നോട്ട് വന്നത്. അദ്ദേഹം എന്റെ കാര്യം എങ്ങനെ അറിഞ്ഞ് പോലും അറിയില്ല. പുള്ളിയോട് ഒരു താങ്ക്സ് പറയാൻ പോലും പറ്റിയില്ല.

കഴിഞ്ഞ ദിവസം അമ്മയുടെ മീറ്റിംഗിൽ വച്ച് അദ്ദേഹത്തെ കണ്ടു. സുരേഷേട്ടനോട് പറയാൻ വേണ്ടി പോയപ്പോൾ പുള്ളി മൈൻഡ് ചെയ്യാതെ എന്റെ മുന്നിലൂടെ പോയി. അപ്പോൾ സ്പടികം ജോർജ് ഏട്ടൻ പുള്ളിക്ക് കിഡ്നിയൊക്കെ കംപ്ലയിന്റ് ആയപ്പോൾ സുരേഷേട്ടനായിരുന്നു സഹായിച്ചതെന്ന് സ്റ്റേജിൽ നിന്ന് പറയുമ്പോൾ എനിക്കും ഇത് പറയണമെന്നുണ്ടായിരുന്നു. പിന്നെ ഞാൻ ആലോചിച്ചു ജോർജ് ഏട്ടൻ പറഞ്ഞതുകൊണ്ട് ഞാൻ കയറി പറയുകയാണെന്ന് ആരേലും വിചാരിക്കും.

ഒരു താങ്ക്സ് പറയാൻ പോലും കേൾക്കാതെ പുള്ളി എന്റെ മുന്നിലൂടെ പോയി. എന്ത് മനുഷ്യൻ ആണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ജോർജേട്ടൻ അവിടെ നിന്ന് കരഞ്ഞ് പറയുന്ന കേട്ടപ്പോൾ സത്യം പറഞ്ഞാൽ രോമാഞ്ചമാണ് തോന്നിയത്. അപ്പോൾ ഞാൻ എന്റെ അനുഭവം വച്ച് ആലോചിച്ചു, സത്യമാണ് ഞാനുമായിട്ട് ഒരു ബന്ധവുമില്ല. പക്ഷേ പുള്ളി എല്ലാം അറിയുന്നുണ്ട്..”, സുധിർ അഭിമുഖത്തിൽ വെളിപ്പെടുത്തി.


Posted

in

by