ഈ കഴിഞ്ഞ ദിവസമാണ് സംവിധായകനായ അൽഫോൻസ് പുത്രൻ താൻ സിനിമ സംവിധാനം അവസാനിപ്പിക്കുകയാണെന്ന് ഒരു കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. ഓട്ടിസം സ്പെക്ട്രം ഡിസോഡര് ഉണ്ടെന്ന് താൻ സ്വയം കണ്ടെത്തിയെന്നും ഈ കാരണത്തിലാണ് എല്ലാം അവസാനിപ്പിക്കുന്നത് എന്നും അദ്ദേഹം വെളിപ്പെടുത്തിയത്. പോസ്റ്റിട്ട് മിനിറ്റുകൾക്കുള്ളിൽ തന്നെ അദ്ദേഹം അത് പിൻവലിച്ചു.
കേരളത്തിന് പുറമെ തെന്നിന്ത്യയിൽ ഒട്ടാകെ ചർച്ചയായ പ്രേമം എന്ന സിനിമയുടെ സംവിധായകൻ കൂടിയായതുകൊണ്ട് തന്നെ വലിയ രീതിയിൽ ഇത് വാർത്തയാവുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ‘സൂരറൈ പോട്ര്’ എന്ന സിനിമയുടെ സംവിധായികയായ സുധ കൊങ്കര എഴുതിയിരിക്കുന്ന കുറിപ്പാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. അൽഫോൻസിന്റെ പ്രേമം സിനിമയെയും കുറിച്ചും പോസ്റ്റിൽ പറയുന്നുണ്ട്.
“പ്രിയ അൽഫോൻസ് പുത്രൻ, നിങ്ങളുടെ സിനിമ ഞാൻ മിസ് ചെയ്യും.. പ്രേമം എന്റെ എക്കാലത്തെയും പ്രിയപ്പെട്ടതാണ്. എന്റെ ഏറ്റവും മോശം നിലയിലും എന്നെ നിലനിർത്തിയത് ആ ചിത്രമാണ്. ഞാൻ അത് ലൂപ്പിൽ കാണുമായിരുന്നു.. സ്നേഹത്തിലായിരിക്കുക എന്ന ആശയത്തോട് ഞാൻ വീണ്ടും സ്നേഹത്തിൽ ആയത് ആ ചിത്രത്തിലൂടെയാണ്. ഏത് രൂപത്തിലും നിങ്ങൾ സിനിമ സൃഷ്ടിക്കുന്നത് തുടരുക.
ഞാൻ അത് സ്വീകരിക്കും.. സ്നേഹത്തോടെ സുധ..’, സുധ കൊങ്കര കുറിച്ചു. പോസ്റ്റിന് താഴെ അൽഫോൻസ് മറുപടിയും കൊടുത്തിട്ടുണ്ട്. “നിങ്ങളുടെ വിലയേറിയ അഭിപ്രായത്തിന് ഒരുപാട് നന്ദി മാം..”, എന്നായിരുന്നു അൽഫോൻസിൻറെ പ്രതികരണം. അൽഫോൻസ് സിനിമ ചെയ്യുന്നത് തുടരണമെന്നാണ് ആരാധകരുടെ ആവശ്യം. സംവിധാനം ചെയ്യുമ്പോൾ അത് മാത്രം ശ്രദ്ധിക്കുക എന്നും അൽഫോൻസിനോട് ആരാധകർ ആവശ്യപ്പെടുന്നുണ്ട്.