ടെലിവിഷൻ പരമ്പരകളുടെ റേറ്റിംഗിൽ ഏറെ മുൻപന്തിയിൽ നിന്നിരുന്ന ഒരു സീരിയലായിരുന്നു ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത വാനമ്പാടി. പാട്ടുകാരിയായ ഒരു കുട്ടിയുടെ അമ്മയുടെ മരണ ശേഷം തന്റെ അച്ഛനെ അന്വേഷിച്ച് പോകുന്ന അനുമോൾ എന്ന കഥാപാത്രത്തെ ചുറ്റിപറ്റി നടക്കുന്ന സംഭവങ്ങളായിരുന്നു സീരിയലിൽ ഉടനീളം കാണിച്ചിരുന്നത്. പ്രേക്ഷകരുടെ പ്രീതി വളരെ പെട്ടന്ന് നേടിയെടുക്കുകയും ചെയ്തു.
മോഹൻകുമാർ എന്ന പാട്ടുകാരനെ അന്വേഷിച്ചു പോകുന്ന കുട്ടി അദ്ദേഹത്തിന്റെ വീട്ടിൽ എത്തുകയും അവിടെ മോഹന്റെ ഭാര്യയായ പദ്മിനിയുമായി നടക്കുന്ന പോരുമെല്ലാമാണ് സീരിയലിൽ കാണിച്ചത്. പദ്മിനി എന്ന പപ്പിയായി തകർത്ത് അഭിനയിച്ചുകൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടിയെടുക്കുകയും ചെയ്തിരുന്നു അത് അവതരിപ്പിച്ച നടി സുചിത്ര നായർ. ഒരു നർത്തകി കൂടിയാണ് സുചിത്ര.
മൂന്ന് വർഷത്തോളം വാനമ്പാടി സീരിയലിൽ സജീവമായിരുന്ന സുചിത്ര അത് കഴിഞ്ഞ് അഭിനയത്തിൽ നിന്ന് ബ്രേക്ക് എടുക്കുകയും ചെയ്തു. പിന്നീട് മലയാളികൾ സുചിത്രയെ കാണുന്നത് ഏഷ്യാനെറ്റിൽ തന്നെ ബിഗ് ബോസ് ഷോയിലൂടെയാണ്. ബിഗ് ബോസിന്റെ നാലാമത്തെ സീസണിൽ പങ്കെടുത്ത സുചിത്രയ്ക്ക് പക്ഷേ ഒരുപാട് വെല്ലുവിളികളും വിമർശനങ്ങളുമൊക്കെ നേരിടേണ്ടി വരികയും ചെയ്തിരുന്നു.
ഇപ്പോഴിതാ നവരാത്രിയോട് അനുബന്ധിച്ച് സുചിത്ര ചെയ്ത ഒരു കിടിലം മേക്കോവർ ഷൂട്ടാണ് വൈറലാവുന്നത്. ഉഗ്രരൂപിണിയായ മഹാകാളിയായും ശാന്ത സ്വരൂപിണിയായ ദേവിയായും ഒരുപോലെ മേക്കോവർ നടത്തിയ സുചിത്രയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തു. ഗിരീഷ് അമ്പാടി എന്ന പ്രൊഫഷണൽ ഫോട്ടോഗ്രാഫറാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. അതിമനോഹരം എന്നെ ഫോട്ടോയെ വിശേഷിപ്പിക്കാൻ സാധിക്കുകയുള്ളൂ.