‘ഇത്തരം അമ്പലത്തിൽ ഇനി ഞാൻ പോകില്ല..’ – ദേവസ്വം മന്ത്രിക്ക് പിന്തുണയുമായി നടൻ സുബീഷ് സുധി

ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രത്തിലെ നടപ്പന്തൽ ഉദ്‌ഘാടനം ചെയ്യാൻ പോയപ്പോൾ ജാതീയമായ വിവേചനം നേരിടേണ്ടി വന്നിരുന്നുവെന്ന് ഈ കഴിഞ്ഞ ദിവസമാണ് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞത്. താൻ തരുന്ന പൈസയ്ക്ക് അയിത്തമില്ലെന്നും തനിക്ക് അയിത്തമുണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഈ സംഭവമായി ബന്ധപ്പെട്ട് പല പ്രതികരണങ്ങളും വന്നിട്ടുണ്ട്. മന്ത്രിയെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുകയാണ് നടൻ സുബീഷ് സുധി.

“പ്രിയപ്പെട്ട സഖാവേ.. മനുഷ്യത്വത്തിന് മുന്നിൽ ജാതിയും മതവും ഇല്ലെന്ന് എന്നെ പഠിപ്പിച്ച പയ്യന്നൂരിൽ നിന്ന് താങ്കൾക്ക് ഉണ്ടായ ദുരനുഭവത്തിൽ വ്യക്തിപരമായി ഏറെ ഖേദം രേഖപ്പെടുത്തുന്നു. ഒപ്പം അങ്ങേയെറ്റം രോഷവും പ്രതിഷേധവും അറിയിക്കുന്നു. പയ്യന്നൂർ പെരുമാൾക്ക് നേദിക്കാൻ മുസ്ലിം കുടുംബത്തിൽനിന്ന് പഞ്ചസാര കൊണ്ടുവരുന്ന മതമൈത്രിയുടെ പാഠങ്ങൾ കണ്ടാണ് ഞങ്ങൾ വളർന്നത്.

അമ്പലവും പള്ളിയും ചർച്ചും ഞങ്ങൾക്ക് കൂട്ടായ്മയുടെ തിരുത്തുകളാണ്. പലപ്പോഴായി ഞാൻ തൊഴാൻ പോയിട്ടുള്ള അമ്പലത്തിൽനിന്ന് താങ്കൾക്ക് അനുഭവപ്പെട്ട വിവേചനം പുരോഗമനചിന്ത വിത്തെറിഞ്ഞ നാട്ടിൽ നിന്നായതിൽ ഞാൻ ലജ്ജിക്കുന്നു. ഇത്തരം വിഷ കൂടുകൾ ശാന്തി നടത്തുന്ന അമ്പലത്തിൽ ഇനി ഞാൻ പോകില്ല. പയ്യന്നൂറെന്ന് ഏത് അവസരത്തിലും ഉയിര് പോലെ ഉയർത്തി കാട്ടുന്ന എനിക്ക് താങ്കൾക്ക് ഉണ്ടായ പ്രയാസത്തിൽ അതീവ ദുഖമുണ്ട്.

എന്തെങ്കിലും രണ്ട് കൃമികളുടെ ദുസ് പ്രവർത്തി നാടിന്റെ മുഖമായോ മനസ്സായോ ആരും ഉയർത്തി കാട്ടരുത്. ഇത്തരം ചിന്താഗതിക്കാരെ ഒറ്റപ്പെടുത്തി വൈവിധ്യങ്ങളെ കണ്ണി ചേർക്കാൻ നമ്മുക്ക് സാധിക്കണം.. പ്രിയ രാധാകൃഷ്ണൻ സാർ.. നിങ്ങൾക്ക് ഉണ്ടായ പ്രയാസത്തിന് മാപ്പ്.. മാപ്പ്..”, സുധീഷ് സുധി തന്റെ ഫേസ്ബുക്കിൽ കുറിച്ചു. ഏഴ് മാസം മുമ്പുണ്ടായ സംഭവം മന്ത്രിക്ക് പറയാൻ ഇത്രയും സമയം എടുത്തോ എന്നൊക്കെ ചില മറുപടികളും പോസ്റ്റിന് താഴെ വന്നിട്ടുണ്ട്.