‘എന്റെ വായിൽ നിന്ന് വന്ന അസഭ്യ വാക്കുകൾക്ക് ഞാൻ ക്ഷമ ചോദിക്കുന്നു..’ – ഒടുവിൽ മാപ്പ് പറഞ്ഞ് ശ്രീനാഥ് ഭാസി

ബ്ലെസ്സി സംവിധാനം ചെയ്ത ‘പ്രണയം’ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടൻ ശ്രീനാഥ് ഭാസി. റേഡിയോ ജോക്കിയായി തന്റെ കരിയർ തുടങ്ങിയ ശ്രീനാഥ്, ആ സമയങ്ങളിൽ വീഡിയോ ജോക്കിയായും സജീവമായി നിന്നിരുന്നു. അതിന് ശേഷമാണ് സിനിമയിലേക്ക് എത്തുന്നത്. അഭിനയത്തോടൊപ്പം നല്ലയൊരു ഗായകനായും ശ്രീനാഥ് മലയാളികളെ ഞെട്ടിച്ചിട്ടുണ്ട്. ഈ കഴിഞ്ഞ ദിവസം ശ്രീനാഥ് ഭാസി തന്റെ പുതിയ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി പല ചാനലുകളിലും ഓൺലൈൻ മീഡിയകൾക്കും നിരവധി അഭിമുഖങ്ങൾ നൽകിയിട്ടുണ്ടായിരുന്നു.

അതിൽ പ്രമുഖമായ ഒരു യൂട്യൂബ് ചാനലിന്റെ അഭിമുഖത്തിൽ അവതാരകയ്‌ക്ക്‌ എതിരെ മോശം വാക്കുകൾ പറഞ്ഞതിന് എതിരെ അവർ ശ്രീനാഥിന് എതിരെ പൊലീസിൽ ഒരു കേസ് കൊടുത്തിട്ടുണ്ടായിരുന്നു. തനിക്ക് ഇഷ്ടമില്ലാത്ത ചോദ്യം ചോദിച്ചപ്പോഴാണ് ശ്രീനാഥിന് ദേഷ്യം വരികയും ക്യാമറ ഓഫ് ആക്കാൻ പറയുകയും ചെയ്യുന്നത്. ഇതിന്റെ വീഡിയോ അവർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. അതിൽ ശ്രീനാഥ് മോശം വാക്കുകൾ പറയുന്ന ഭാഗമില്ലായിരുന്നു.

ക്യാമറ നിർബന്ധപൂർവം ഓഫാക്കിയ ശേഷമായിരുന്നു ശ്രീനാഥിൽ നിന്ന് മോശം അനുഭവം ഉണ്ടായതെന്നായിരുന്നു അവരുടെ നിലപാട്. പക്ഷേ ഭൂരിഭാഗം മലയാളികളും ശ്രീനാഥിന് പിന്തുണ നൽകിയയായിരുന്നു കമന്റുകൾ ഇട്ടത്. പക്ഷേ അന്നേ ദിവസം ശ്രീനാഥ് ഒരു എഫ്.എം ചാനലിന് നൽകിയ അഭിമുഖത്തിന്റെ ഒരു ഭാഗം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അതിൽ ചോദ്യം ചോദിക്കുന്ന ആർ.ജെയെ ലൈവ് പോയികൊണ്ടിരിക്കുന്ന സമയത്ത് തന്നെ ശ്രീനാഥ് ഭാസി അസഭ്യം പറയുകയും തെറി പറയുകയും ചെയ്യുന്നത് കാണാമായിരുന്നു.

ആ വീഡിയോ വന്നതോടെ ശ്രീനാഥിന് എതിരെ ആളുകൾ തിരിയുകയും ചെയ്തു. സിനിമയുടെ റിലീസ് ദിവസം തിയേറ്ററിൽ നിന്ന് ഇറങ്ങി വന്ന ശ്രീനാഥിനോട് ഇത് ചോദിച്ചെങ്കിലും താരം പ്രതികരിച്ചിരുന്നില്ല. പക്ഷേ സോഷ്യൽ മീഡിയയിൽ ശ്രീനാഥിന് എതിരെ വലിയ വിമർശനങ്ങളും ട്രോളുകളും പോസ്റ്റുകളും വരുന്നുണ്ടായിരുന്നു. ഒടുവിൽ മറനീക്കി ശ്രീനാഥ് പുറത്തുവന്നിരിക്കുകയാണ്. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ശ്രീനാഥ് താൻ ചെയ്ത തെറ്റ് ഏറ്റുപറഞ്ഞ് മാപ്പ് പറഞ്ഞിരിക്കുകയാണ്.

“എന്റെ ലൈഫിൽ ഏറ്റവും വലിയ സിനിമയായിരുന്നു ഇത്. അതുകൊണ്ട് തന്നെ ഒരുപാട് ചാനലുകൾക്ക് ഞാൻ അഭിമുഖം കൊടുത്തിരുന്നു. ഞാൻ പൊതുവേ പോകാത്ത ഒരാളാണ്. പക്ഷേ ഇതിന് ഞാൻ എല്ലാത്തിനും പോയി. നാലെണ്ണം കഴിഞ്ഞപ്പോൾ ഞാൻ ഇവരുടെ അടുത്തേക്ക് വരികയും ഓരോ ചോദ്യങ്ങൾ വരികയും ഞാൻ അപ്പോൾ അവിടെ മുഷിയുകയാണ് ഉണ്ടായത്. അതൊരു നല്ലയൊരു കാര്യമല്ല. ഞാൻ അതിനെ ന്യായീകരിക്കുകയല്ല. അങ്ങനെ സംഭവിച്ചുപോയി. എങ്കിലും സ്ത്രീയെ ആക്ഷേപിക്കുന്ന രീതിയിൽ ഒന്നും തന്നെ പറഞ്ഞിട്ടുണ്ടായിരുന്നില്ല. അവര് ഫൺ ആയിട്ട് ചോദിച്ച ചോദ്യങ്ങളാണെന്നാണ് പറഞ്ഞത്. എനിക്ക് അങ്ങനെ തോന്നിയില്ല.

ഇതിൽ എന്റെ പ്രൊഡ്യൂസറോ മറ്റാരുമോ അല്ല ഉത്തരവാദികൾ. ഞാൻ തന്നെയാണ് തെറ്റുകാരൻ. എന്റെ ഭാഗത്ത് നിന്നുണ്ടായ ഒരു തെറ്റ് സിനിമയെ ബാധിക്കരുത്. എന്റെ അപ്പുറത്ത് ഇരിക്കുന്നയാളെ ബഹുമാനിക്കാനാണ് എന്റെ വീട്ടിൽ എന്നെ പഠിപ്പിച്ചിട്ടുള്ളത്. ഞാൻ കുറച്ചൂടെ ക്ഷമ കാണിക്കണമായിരുന്നു. ഫണായി കണ്ട് മിണ്ടാതിരിക്കണമായിരുന്നു! എനിക്ക് സോറി പറയുന്നതിൽ ഒരു കുഴപ്പവുമില്ല. നമ്മളെ മാനസികമായി ഇത് തളർത്തും. തെറി പറയാമെന്നല്ല ഞാൻ പറഞ്ഞു. തെറി ഒരിക്കലും പറയാൻ പാടില്ല. അതിൽ ഞാൻ ക്ഷമ ചോദിക്കുന്നു. എന്റെ അസഭ്യ വാക്കുകൾക്ക് ഞാൻ ക്ഷമ ചോദിക്കുന്നു. ആരെയും വേദനിപ്പിക്കാൻ വേണ്ടി ചെയ്തതല്ല..”, ശ്രീനാഥ് ഭാസി പറഞ്ഞു.