‘ആർട്ടിസ്റ്റുകൾ ചാനലിന് മുകളിലേക്ക് വളർന്നാൽ വെട്ടി വീഴ്ത്തും..’ – മുടിയനെ പുറത്താക്കിയ സംഭവത്തിൽ ശ്രീകണ്ഠൻ നായർ

ഉപ്പും മുളകിൽ നിന്ന് തന്നെ പുറത്താക്കിയെന്നും വരുന്ന എപ്പിസോഡുകളിൽ തന്നെ മോശമാക്കി ചിത്രീകരിക്കുന്നു എന്നും ചൂണ്ടിക്കാണിച്ച് ഈ കഴിഞ്ഞ ദിവസം അതിൽ വിഷ്ണു(മുടിയൻ) എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന ഋഷി എസ് കുമാർ രംഗത്ത് വന്നിരുന്നു. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഋഷി താൻ അനുഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളെ കുറിച്ച് തുറന്നുപറഞ്ഞത്. നാല് മാസത്തോളമായി ഉപ്പും മുളകിലും മുടിയനെ കാണിച്ചിരുന്നില്ല.

ഇത് കൂടാതെ മുടിയനെ ബാംഗ്ലൂരിൽ ഡ്രഗ് കേസിൽ അകത്തായി എന്ന രീതിയിലാണ് കാണിക്കാൻ പോകുന്നതെന്നും തനിക്ക് എതിരെ സംവിധായകനായ ഉണ്ണി പ്രതികാരനടപടി എടുക്കുന്നു എന്നുമാണ് ഋഷി അഭിമുഖത്തിൽ ആരോപിച്ചത്. പക്ഷേ ഇതുമായി ബന്ധപ്പെട്ട് യാതൊരുവിധ പ്രതികരണങ്ങളും ഉപ്പും മുളകും ടീമിൽ നിന്ന് വന്നിട്ടുണ്ടായിരുന്നില്ല. ഇപ്പോഴിതാ ഫ്ലാവേഴ്സ് ചാനലിന്റെ എംഡി ഇതുമായി ബന്ധപ്പെട്ട് ഒരു വിശദീകരണം നൽകിയിരിക്കുകയാണ്.

24 ന്യൂസിൽ ഉപ്പും മുളകിന്റെയും പ്രേക്ഷകർ എന്താണ് സംഭവം എന്ന് ചോദിച്ച് കമന്റുകൾ ഇട്ടപ്പോഴാണ് ലൈവിൽ അദ്ദേഹം മറുപടി കൊടുത്തത്. “ഒരുപാട് പ്രേക്ഷകർ ഉപ്പും മുളകിലും ഒരു പ്രശ്നമുണ്ട് അതിൽ ഇടപ്പെടണമെന്ന് പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസവും ഞാനതിന്റെ ലൊക്കേഷനിൽ പോയതാണ്. നിങ്ങൾ ടെലിവിഷനിലൂടെയോ സോഷ്യൽ മീഡിയയിലൂടെയോ അറിയുന്ന കാര്യങ്ങൾ അല്ലായിരിക്കും സത്യം. പെട്ടന്ന് ഈ ആർട്ടിസ്റ്റ് തടിച്ചുകൊഴുക്കും, നിങ്ങൾക്ക് അറിയുമോ എന്നറിയില്ല. അത് കൊഴുത്താൽ നിങ്ങൾക്ക് താങ്ങാൻ പറ്റുന്നതിലും അപ്പുറമായിരിക്കും.

ചിലപ്പോൾ ചാനലിന് മുകളിലേക്ക് വളരും. ചാനലിന് മുകളിലേക്ക് അങ്ങനെ വളർന്നാൽ വെട്ടിവീഴ്ത്താതെ തരമില്ല എന്ന് പ്രേക്ഷകർ മനസ്സിലാക്കുക. എനിക്ക് അതിൽ കൂടുതൽ പറയാൻ നിർവാഹമില്ല. ആരെയും വേദനിപ്പിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. നിങ്ങൾ മനസ്സിലാക്കുന്നത് ഇതിന്റെ ഒരു സൈഡ് മാത്രമാണ്. മറ്റൊരു വശത്ത് കടുത്ത പ്രശ്നങ്ങൾ നിരവധിയാണ്. നമ്മുക്ക് ചില ലൊക്കേഷനുകളിൽ ഷൂട്ടിംഗ് നടത്താൻ പറ്റാത്ത രീതിയിലേക്ക് കാര്യങ്ങൾ വഷളാക്കും ഇവർ, അല്ലെങ്കിൽ പെട്ടന്ന് ആർട്ടിസ്റ്റാവും.

ഞാനാണ് ഈ പരിപാടിയുടെ ജീവൻ എന്നൊക്കെ ശബ്ദമൊക്കെ അങ്ങ് മാറും. അപ്പോൾ പ്രേക്ഷകർ അത് മനസിലാക്കുക. നിങ്ങൾ വിചാരിക്കുന്നത് പോലെ കാര്യം അത്ര നിസ്സാരമല്ല. പ്രശസ്തനായ ഒരാളെ കൊണ്ട് ഷൂട്ടിന് പോയാൽ അയാളുടെ മൂഡൊക്കെ സഹിക്കേണ്ടി വരും. പക്ഷേ 24 മണിക്കൂറും ഒരു മൂടുതാങ്ങിയായി നടക്കാൻ കഴിയുകയില്ല. കുറച്ചുകൂടി പ്രേക്ഷകർ എന്നെ പ്രേരിപ്പിച്ച് കഴിഞ്ഞാൽ ചില സത്യങ്ങൾ എനിക്ക് തുറന്നുപറയേണ്ടി വരും. അത് ആർക്കും ഗുണം ചെയ്യത്തില്ല..”, ശ്രീകണ്ഠൻ നായർ പറഞ്ഞു.