ടെലിവിഷൻ ഷോകളിലൂടെ, സിനിമകളിലൂടെയും മലയാളികൾക്ക് സുപരിചിതയായി മാറിയ താരമാണ് നടി സൂര്യ ജെ മേനോൻ. ഒരു ആർ.ജെയും ഡി.ജെയും കൂടിയായ സൂര്യ മോഡലിംഗ് രംഗത്തും സജീവമാണ്. ഐശ്വര്യ റായുമായുള്ള മുഖസാദൃശ്യം സൂര്യയെ മലയാളികൾക്ക് പ്രിയങ്കരിയാവാൻ മറ്റൊരു കാരണം കൂടിയാണ്. ബിഗ് ബോസ് സീസൺ ത്രീയിലെ മത്സരാർത്ഥിയായിരുന്നു സൂര്യ മേനോൻ.
ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഒരു സന്തോഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് സൂര്യ. പുതിയ കാർ വാങ്ങിയതിന്റെ സന്തോഷമാണ് സൂര്യ പങ്കുവച്ചത്. “കാണുന്നവർക്ക് ഇത് ഒരു സാധാരണ കാറായിരിക്കും. പക്ഷേ എനിക്കിത് കുറെ വർഷങ്ങളുടെ സ്വപ്നസാഫല്യമാണ്. ഒത്തിരി ആഗ്രഹിച്ചിട്ടുണ്ട് സ്വന്തമായിട്ടൊരു കാർ. വണ്ടി ഇല്ലാത്തതുകൊണ്ട് പലയിടത്തുനിന്നും അവഹേളനങ്ങളും കളിയാക്കലുകളും നേരിടേണ്ടി വന്നിട്ടുണ്ട്.
അപ്പോൾ അമ്മ പറയും നമ്മുക്ക് നടക്കാൻ കാലുകൾ എങ്കിലുമുണ്ട്. അത് പോലും ഇല്ലാത്തവരുടെ അവസ്ഥ ആലോചിച്ചു നോക്കൂവെന്ന്. നാടോടിക്കാറ്റിലെ ശ്രീനിവാസൻ സർ പറഞ്ഞ പോലെ ഓരോന്നിനും അതിന്റെതായ സമയം ഉണ്ട് ദാസായെന്ന് അമ്മയെന്നെ ആശ്വസിപ്പിക്കും. നമ്മുടെ സമയംവന്നു വിജയായെന്ന് ഞാനിന്ന് അമ്മയോട് പറഞ്ഞു. കാർ വന്നപ്പോൾ അമ്മയുടെയും അച്ഛന്റെയും മുഖത്ത് തെളിഞ്ഞ സന്തോഷം എന്റെ മുഖത്ത് അഭിമാനത്തിന്റെ പൂത്തിരികൊളുത്തി.
എന്റെയൊരുസ്വപ്നംകൂടി അങ്ങനെയിന്ന് യാഥാർഥ്യമായി.. ദൈവത്തിന് നന്ദി..”, സൂര്യ കാറിന് ഒപ്പമുള്ള ചിത്രങ്ങൾക്ക് ഒപ്പം കുറിച്ചു. എസ് പ്രെസ്സോ വി.എക്സ്.ഐ പ്ലസ് മോഡൽ കാറാണ് സൂര്യ സ്വന്തമാക്കിയത്. ഏകദേശം 6.37 ലക്ഷം രൂപയാണ് കാറിന്റെ ഓൺ റോഡ് വില വരുന്നത്. സാധാരണക്കാരുടെ വണ്ടി എന്ന് വിശേഷിപ്പിക്കുന്ന കാർ കൂടിയാണ് ഇത്. അതുകൊണ്ട് തന്നെ ഒരു സെലിബ്രിറ്റി ഇത് വാങ്ങുമ്പോൾ ഏറെ ശ്രദ്ധിക്കും.