പൂക്കോട് വെറ്റിനറി കോളേജിൽ സിദ്ധാർഥ് എന്ന തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥിയെ ദിവസങ്ങളോളം ഹോസ്റ്റലിൽ 130 ഓളം വരുന്ന വിദ്യാർത്ഥികൾ നോക്കി നിൽക്കെ ആക്രമിക്കുകയും തുടർന്ന് ആത്മഹ.ത്യ ചെയ്തുവെന്ന പറയപ്പെടുന്ന സംഭവത്തിൽ പ്രതികരണവുമായി സിനിമ, സീരിയൽ നടി സ്നേഹ ശ്രീകുമാർ. സമൂഹ മാധ്യമങ്ങളിൽ സിദ്ധാർത്ഥിന്റെ ഫോട്ടോ പങ്കുവച്ചുകൊണ്ട് ആ കുട്ടിക്ക് നീതി ലഭിക്കണമെന്ന് സ്നേഹ ആവശ്യപ്പെട്ടു.
ജസ്റ്റിസ് ഫോർ സിദ്ധാർഥ് എന്ന ഹാഷ്ടാഗോടെയാണ് സ്നേഹ കുറിപ്പ് പങ്കുവച്ചിട്ടുള്ളത്. “നഷ്ടപെട്ടത് ഒരു ജീവനാണ്. അക്രമം കണ്ടുനിന്ന കൂട്ടുകാരോട് ഒന്നും പറയാനില്ല. നിങ്ങളാണോ മിണ്ടാ പ്രാണികളെ നോക്കാൻ പോകുന്നത്. ഇത്രയും നീചന്മാരെ ഒരു തരത്തിലും ന്യായികരിക്കാതിരിക്കുക.. ഗുണ്ടകളൊന്നും ക്യാമ്പസ്സിൽ വേണ്ട. എല്ലാത്തിനെയും പിടിച്ചുഅകത്തിടണം. പോലീസിന്റെ ഭാഗത്ത് നിന്നും എത്രയും പെട്ടെന്ന് നടപടിയുണ്ടാകണം.
മിടുക്കനായ ഒരു കുട്ടിയെയാണ് നമുക്ക് നഷ്ടമായത്. വിദ്യാർത്ഥി സംഘടനകൾ പ്രവർത്തിക്കേണ്ടത് വിദ്യാർത്ഥികളുടെ സംരക്ഷണത്തിനാണ്. ഇത്രയും വലിയ പ്രശ്നം മൂന്ന് ദിവസമായി അവിടെ നടന്നിട്ടും അതറിയാതെ പോയി എന്ന് പറഞ്ഞാൽ വിദ്യാർത്ഥി സംഘടനയും, കോളേജ് അധികാരികളും അവിടെ എന്ത് ചെയ്യുകയായിരുന്നു?? അവിടെയുള്ള എല്ലാവരും ഇതിനു ഉത്തരവാദികളാണ്..”, സ്നേഹ ശ്രീകുമാർ കുറിച്ചു.
നട്ടെല്ലുള്ളവർ മലയാള സിനിമയിൽ ഉണ്ടെന്ന് തെളിയിച്ചുവെന്ന് പ്രതികരണങ്ങളും സ്നേഹയെ അഭിനന്ദിച്ച് കമന്റുകൾ വന്നിട്ടുണ്ട്. സാംസ്കാരിക നായകർ പോലെ മിണ്ടാൻ മടിച്ചുനിൽക്കുന്ന സംഭവത്തിൽ പ്രതികരിക്കാൻ താങ്കൾ കാണിച്ച ധൈര്യത്തിന് സല്യൂട്ട് എന്നൊക്കെയാണ് ആളുകൾ പോസ്റ്റിന് താഴെ പ്രതികരിച്ചിട്ടുളളത്. എസ്എഫ്ഐ പ്രവർത്തകർ അടക്കം ഇതുവരെ പതിനെട്ട് പ്രതികളെയാണ് പൊലീസ് പിടിയിലായിട്ടുള്ളത്.