‘കുടുംബത്തിലേക്ക് ഒരു പുതിയ അതിഥി കൂടി! അച്ഛനായ സന്തോഷം പങ്കുവച്ച് ശിവകാർത്തികേയൻ..’ – ആശംസകൾ നേർന്ന് ആരാധകർ

മലയാളികൾക്ക് കൂടി ഏറെ പ്രിയങ്കരനായ താരമാണ് തമിഴ് നടൻ ശിവകാർത്തികേയൻ. ടെലിവിഷൻ അവതാരകനായി തുടങ്ങി പിന്നീട് സിനിമയിൽ നായകനായി മാറിയ ശിവകാർത്തികേയൻ വളരെ പെട്ടന്ന് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയിരുന്നു. സിനിമയിൽ വരുന്നതിന് മുമ്പ് തന്നെ ശിവകാർത്തികേയൻ വിവാഹിതനായിരുന്നു. ആരതി എന്നാണ് ശിവകാർത്തികേയന്റെ ഭാര്യയുടെ പേര്.

രണ്ട് കുട്ടികളാണ് താരത്തിനുണ്ടായിരുന്നത്. ഇപ്പോഴിതാ തന്റെ കുടുംബത്തിലേക്ക് പുതിയ ഒരു അതിഥി വന്നതിന്റെ സന്തോഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ശിവകാർത്തികേയൻ. ജൂൺ രണ്ടിന് താനൊരു ആൺകുട്ടിയുടെ കൂടി പിതാവായ സന്തോഷമാണ് ശിവകാർത്തികേയൻ അറിയിച്ചത്. ഇൻസ്റ്റാഗ്രാമിൽ സ്റ്റോറിയിലൂടെ ഇതിന്റെ പത്രക്കുറിപ്പ് പോലെ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട് ശിവകാർത്തികേയൻ.

“പ്രിയപ്പെട്ട എല്ലാവർക്കും, ജൂൺ 2-ന് ജനിച്ച ഞങ്ങളുടെ കുഞ്ഞിനെ സ്വാഗതം ചെയ്യുമ്പോൾ ഞങ്ങളുടെ ഹൃദയം സന്തോഷത്താൽ നിറഞ്ഞിരിക്കുന്നു. ഞങ്ങളുടെ കുടുംബം കുറച്ചുകൂടി വലുതായി, ഒരുപാട് സന്തോഷിക്കുന്നു. നിങ്ങളുടെ എല്ലാവരുടെയും സ്നേഹവും പിന്തുണയും അനുഗ്രഹവും ഞങ്ങൾക്ക് എപ്പോഴും ആവശ്യമാണ്. ഗുഗൻ, ആരാധന, ആരതി, ശിവകാർത്തികേയൻ..”, ഇതായിരുന്നു കുറിപ്പിൽ എഴുതിയിരുന്നത്.

അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നുവെന്ന് താരത്തിന്റെ അടുത്ത വൃത്തങ്ങളിൽ നിന്ന് അറിയാൻ കഴിഞ്ഞിരിക്കുന്നത്. ഒരു പെൺകുട്ടിയും ആൺകുട്ടിയും ആയിരുന്നു നേരത്തെ ഉണ്ടായിരുന്നത്. കുഞ്ഞിന് എന്ത് പേരാണ് ഇട്ടിരിക്കുന്നതെന്ന് വെളിപ്പെടുത്തിയിട്ടില്ല. വൈകാതെ തന്നെ അത് ആരാധകരുമായി പങ്കുവെക്കുമെന്നാണ് അറിയാൻ കഴിയുന്നത്. ശിവകാർത്തികേയനും കുടുംബത്തിനും ആശംസകൾ നേർന്ന് ഒരുപാട് സിനിമ താരങ്ങളും എത്തിയിരുന്നു.