മലയാളത്തിൽ ഇറങ്ങിയതിൽ വച്ച് എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്നായിരുന്നു ലോഹിതദാസിന്റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത ദശരഥം. മോഹൻലാൽ നായകനായ അഭിനയിച്ച ചിത്രത്തിൽ രേഖ, മുരളി, സുകുമാരി, നെടുമുടി വേണു, സുകുമാരൻ, കരമന ജനാർദ്ദനൻ തുടങ്ങിയ ഒരു നീണ്ട അഭിനയപ്രതിഭകളുടെ നിര തന്നെയുണ്ടായിരുന്നു. ഇന്നും മലയാളികൾ കാണാൻ ഏറെ ഇഷ്ടപ്പെടുന്ന സിനിമയാണ് അത്.
1989-ൽ പുറത്തിറങ്ങിയ സിനിമ 33 വർഷങ്ങൾക്ക് ഇപ്പുറവും ചർച്ചകളിൽ നിറഞ്ഞ് നിൽക്കുന്ന ഒരു സിനിമയാണ്. ‘വാടക ഗർഭ ധാരണം’ എന്ന വിഷയത്തെ കുറിച്ച് വളരെ മികച്ച രീതിയിൽ തന്നെ നർമ്മത്തിന്റെ മേമ്പൊടിയോടെ സംസാരിച്ച സിനിമയായിരുന്നു ദശരഥം. സമൂഹ മാധ്യമങ്ങളിൽ കുറച്ച് നാളുകൾക്ക് മുമ്പ് ചില സിനിമ ഗ്രൂപ്പുകളിൽ ദശരഥത്തിന്റ രണ്ടാം ഭാഗം ഉണ്ടായാൽ രാജീവ് മേനോനും അദ്ദേഹത്തിന് ലഭിക്കുന്ന മകനും പിന്നീട് എന്ത് സംഭവിക്കുമെന്ന് ചർച്ചകൾ നടന്നിരുന്നു.
സിബി മലയിൽ അത്തരത്തിൽ സിനിമയുടെ രണ്ടാം ഭാഗം ആലോചിക്കുന്നുണ്ടെന്ന് ചില വാർത്തകളും പ്രചരിച്ചിരുന്നു. ഇപ്പോഴിതാ അതിന് മറുപടിയുമായി സംവിധായകൻ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സിബി മലയിൽ ഈ കാര്യം അറിയിച്ചത്. രണ്ടാം ഭാഗത്തിന്റെ തിരക്കഥ പൂർത്തിയായിട്ടുണ്ടന്ന് സിബി മലയിൽ തന്നെ പറയുന്നു.
സിബി മലയിലിന്റെ പുതിയ സിനിമയായ കൊത്തിന്റെ തിരക്കഥാകൃത്തായ ഹേമന്ത് കുമാറും സിബിയും ചേർന്നാണ്. കൊത്തിന് മുമ്പ് ഹേമന്തുമായി ചർച്ച ചെയ്ത ശേഷം താൻ ആദ്യം തിരക്കഥ പൂർത്തിയാക്കിയത് ദശരഥത്തിന്റെ രണ്ടാം ഭാഗത്തിനാണെന്നും അത് താൻ ലോഹിദാസിന് സമർപ്പണമായികൂടി ചെയ്യാൻ ഉദ്ദേശിച്ച സിനിമയാണെന്നും അദ്ദേഹം പറഞ്ഞു. സിനിമയിൽ നെടുമുടി വേണുവിന് വലിയ പ്രാധാന്യമുള്ള വേഷമുണ്ടായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
കഥ കേട്ടപ്പോൾ നെടുമുടി വേണുവും നല്ല ത്രില്ലായിരുന്നുവെന്നും പക്ഷേ അതിന്റെ ചർച്ചകൾ നടക്കുന്ന സമയത്തായിരുന്നു അദ്ദേഹത്തിന്റെ വിയോഗമെന്നും സിബി മലയിൽ അഭിമുഖത്തിൽ പറഞ്ഞു. സിബി മലയിലിന്റെ ഈ വാക്കുകളാണ് ഇപ്പോൾ മോഹൻലാൽ ആരാധകരെ ആവേശത്തിൽ എത്തിച്ചിരിക്കുന്നത്. ഉടൻ തന്നെ ദശരഥത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.