‘രാജ്യമാണ് എനിക്ക് വലുത്, രാജ്യത്തിന് ഒപ്പം നിൽക്കുന്നവരുടെ കൂടെയുണ്ട്, കാരണം ഞാൻ ഒരു പട്ടാളക്കാരന്റെ മകൾ..’ – നടി ശ്വേത മേനോൻ

ബിജെപിയിൽ ചേരാൻ പോവുകയാണോ എന്ന് ചോദ്യത്തിന് പ്രതികരിച്ച് നടി ശ്വേത മേനോൻ. പ്രധാനമന്ത്രി ലക്ഷദ്വീപിൽ പോയപ്പോൾ എടുത്ത ഫോട്ടോ എന്തുകൊണ്ട് താൻ പങ്കുവച്ചു എന്നതിനും മറുപടി ശ്വേത ഒരു അഭിമുഖത്തിൽ തുറന്ന് പറഞ്ഞിരിക്കുകയാണ്. താൻ രാജ്യത്തിനാണ് പ്രാധാന്യം കൊടുക്കുന്നതെന്നും രാജ്യപുരോഗതി ഒപ്പം നിൽക്കുന്നവരുടെ കൂടെ അതിപ്പോൾ ഏത് പാർട്ടി ആണെങ്കിലും കൂടെ നിൽക്കുമെന്നും കാരണം താനൊരു പട്ടാളക്കാരന്റെ മകൾ ആണെന്നും ശ്വേത പ്രതികരിച്ചു.

“ഞാൻ നമ്മുടെ പ്രധാനമന്ത്രി ലക്ഷദ്വീപിൽ ഇരിക്കുന്ന ഒരു ഫോട്ടോ കണ്ടു. ഞാൻ അത് പ്രൊമോട്ട് ചെയ്യുക മാത്രമാണ് ചെയ്തിട്ടുളളത്. എന്റെ അച്ഛൻ ലക്ഷദ്വീപിൽ ഉണ്ടായിരുന്ന ആളാണ്. അപ്പോൾ എനിക്ക് അത് ഭയങ്കര റിലേറ്റ് ചെയ്യാനായിട്ട് പറ്റി. ആ സമയത്ത് അതൊരു രാഷ്ട്രീയപരമായി ഇട്ടതല്ല, എനിക്ക് വളരെ ഇമോഷണലായിട്ട് ഇട്ടതാണ്. എന്റെ പട്ടാളക്കാരന്റെ മകളായിട്ട് തോന്നിയ ഇമോഷൻ കൊണ്ടിട്ടതാണ്. ഇതിപ്പോഴുണ്ടായ സംഭവമല്ലേ!

ഞാൻ കോവിഡ് സമയത്ത് കേരളത്തിൽ ടൂറിസം വളരണമെന്ന് ഇട്ടിട്ടുണ്ട്. പ്രൊമോട്ട് കേരള എന്ന് പറഞ്ഞുകൊണ്ട്.. നമ്മൾ ചെറുതായി തുടങ്ങിയിട്ട് ആരും ഏറ്റെടുത്തില്ല. പക്ഷേ മൂപ്പര് അവിടെ പോയിരുന്നപ്പോൾ അത് ആളുകൾ ഏറ്റെടുത്തു. നമ്മൾ എന്തുകൊണ്ട് പുറത്തേക്ക് പോകുന്നു. ഞാൻ ഉൾപ്പടെയുള്ള ആളുകൾ പോകാറുണ്ട്. ഇന്ത്യയിൽ ഒരുപാട് നല്ല, നല്ല സ്ഥലങ്ങളുണ്ട്. ഞാൻ ഒരു പട്ടാളക്കാരന്റെ മകളായതുകൊണ്ട് കുറെ സ്ഥലങ്ങൾ എനിക്ക് കാണാൻ പറ്റി.

അന്ന് എന്തായാലും രാഷ്ട്രീയപരമായി ഇട്ടതല്ല. എന്റെയൊരു ഇമോഷൻ വച്ചിട്ടതാണ്. ഞാനിപ്പോ എന്ത് ചെയ്താലും രാഷ്ട്രീയമായി തീരുന്നുണ്ട്. തൃശ്ശൂരിലെ നാരീശക്തി പ്രോഗ്രാമിൽ എന്നെയും ക്ഷണിച്ചിട്ടുണ്ടായിരുന്നു. എനിക്ക് അന്ന് പോകാൻ പറ്റിയില്ല. അത് രാഷ്ട്രീയ വിയോജിപ്പ് ഉള്ളതുകൊണ്ടല്ല. എനിക്ക് അന്ന് വേറെയൊരു പ്രോഗ്രാം ഉണ്ടായിരുന്നു. ഞാൻ വീണ്ടുംവീണ്ടും പറയട്ടെ, എനിക്ക് എന്റെ രാജ്യമാണ് ആദ്യം.

അതൊരുപക്ഷേ ഒരു പട്ടാളക്കാരന്റെ മകൾ ആയതുകൊണ്ടാവാം! ആര് അതിന്റെ കൂടെ നിൽക്കുന്നോ അത് ഏത് പാർട്ടി ആണെങ്കിലും ഞാൻ അവർക്കൊപ്പമാണ് ഉള്ളത്. അല്ലാതെ ഞാൻ ഒരു രാഷ്ട്രീയ പാർട്ടിയിലുമില്ല. ഇപ്പോൾ സിനിമ മാത്രമാണ് എന്റെ മനസ്സിലുള്ളത്. പിന്നെ എന്റെ ജീവിതത്തിൽ ഞാൻ പ്ലാൻ ചെയ്തിട്ടുള്ളത് പോലെ ഒന്നുമല്ല ഒന്നും സംഭവിച്ചിരിക്കുന്നത്. നാളെ എന്തായിരിക്കും നടക്കുക എന്ന് എനിക്ക് അറിയില്ല..”, ശ്വേത മേനോൻ പറഞ്ഞു.