ഈ കഴിഞ്ഞ ദിവസമാണ് തട്ടം ഇടാതെ നടക്കുന്ന സ്ത്രീകൾ അഴിഞ്ഞാട്ടക്കാരികൾ ആണെന്ന് വിവാദമായ പ്രസ്താവന സമസ്ത നേതാവ് ഉമർ ഫൈസി മുക്കം നടത്തിയത്. ഇതിനെതിരെ വലിയ രീതിയിൽ പ്രതികരണങ്ങളാണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്. സ്ത്രീകളെ പ്രതേകിച്ച് മുസ്ലിം സ്ത്രീകളെ ആക്ഷേപിക്കുന്ന രീതിയിലുള്ള പ്രസ്താവനകൾ നടത്തിയ അദ്ദേഹം മാപ്പ് പറയണമെന്നാണ് ആവശ്യം.
സമൂഹ മാധ്യമങ്ങളിലും പുറത്തും വലിയ രീതിയിലുള്ള പ്രതിഷേധങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. മുസ്ലിം സമുദായത്തിൽ തന്നെ ഇതിനെതിരെ വലിയ വിമർശനങ്ങളാണ് വന്നത്. പ്രോഗ്രസ്സിവ് മുസ്ലിം വുമൺസ് ഫോറം എന്ന സംഘടനയിൽ പ്രവർത്തിക്കുന്ന വിപി സുഹറ തട്ടം ഊരി തന്റെ പ്രതിഷേധം ഇതുമായി ബന്ധപ്പെട്ട് അറിയിക്കുകയും ചെയ്തിരുന്നു. കൂടുതൽ ആളുകളും ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കുന്നുമുണ്ട്.
നടനും അഭിഭാഷകനുമായ സി ഷുക്കൂർ ഈ വിവാദമായ പ്രസ്താവനയ്ക്ക് എതിരെ പ്രതികരിച്ചിരിക്കുകയാണ്. “മക്കളാണ്.. തട്ടം അവരുടെ തിരഞ്ഞെടുപ്പാണ്. തട്ടം ഇടാത്തവർ അഴിഞ്ഞാട്ടക്കാരാണ് എന്നൊക്കെ പ്രഖ്യാപിക്കുന്നത് മിതമായ ഭാഷയിൽ പറഞ്ഞാൽ പോക്കിരിത്തരമാണ്. മനുഷ്യ അന്തസ്സിന് നേരെയുള്ള കൈയേറ്റമാണ്. ഈ ബോധവും പേറി ജീവിക്കുന്ന മനുഷ്യരുടെ വീട്ടിൽ ഉള്ള സ്ത്രീകളെ കുറിച്ച് നിങ്ങൾ ഒന്ന് ആലോചിച്ചു നോക്കൂ.
എന്ത് ഭയാനകം ആവും അവരുടെ ജീവിതം. അന്തസ്സാർന്ന ജീവിതം മൗലികാവകാശമായി അംഗീകരിച്ച ഭരണഘടന ഉള്ള ഒരു രാജ്യത്ത് ഇതാണ് ഇക്കൂട്ടരുടെ നിലപാട് എങ്കിൽ മത രാഷ്ട്രീയത്തിൽ സ്ത്രീകളുടെ ജീവിതം എത്ര മാത്രം അപകടം പിടിച്ചതും ദുരിതപൂർണവും ആയിരിക്കും?”, ഷുക്കൂർ വക്കീൽ കുറിച്ചു. വിപി സുഹറയ്ക്ക് ഷുക്കൂർ വക്കീൽ പിന്തുണ നൽക്കുകയും ചെയ്തു. മക്കളുടെ തട്ടം ഇടാത്ത ഫോട്ടോ പങ്കുവച്ചുകൊണ്ടാണ് ഷുക്കൂർ തന്റെ പ്രതിഷേധം അറിയിച്ചത്.