‘മമ്മൂട്ടി എന്ന അതുല്യ നടന്റെ വിസ്മയിപ്പിക്കുന്ന പ്രകടനം കാണാൻ സാധിച്ചു..’ – നൻപകലിനെ കുറിച്ച് സത്യൻ അന്തിക്കാട്

മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നൻപകൽ നേരത്ത് മയക്കം ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ കഴിഞ്ഞ ആഴ്ചയാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്. ഐ.എഫ്.എഫ്.കെ പ്രദർശിപ്പിച്ചപ്പോൾ തന്നെ മികച്ച പ്രതികരണം ലഭിച്ച സിനിമ തിയേറ്ററുകളിലേക്ക് എത്തുമ്പോൾ മലയാള സിനിമയിലെ മികച്ച സിനിമ അനുഭവങ്ങളിൽ ഒന്നായി മാറിയെന്ന് പ്രേക്ഷകർ വിലയിരുത്തുന്നു.

മമ്മൂട്ടി എന്ന നടന്റെ ഇന്നേ വരെ കണ്ടിട്ടില്ലാത്ത പ്രകടനമായിരുന്നു. മറ്റ്‌ സിനിമകൾക്ക് ലഭിക്കുന്ന പോലെയൊരു ജനപ്രവാഹം ഒന്നും ചിത്രത്തിന് ലഭിച്ചിട്ടില്ലെങ്കിൽ കൂടിയും കണ്ടവരിൽ ഭൂരിഭാഗം പേരും നല്ല അഭിപ്രായമാണ് പങ്കുവച്ചിരുന്നത്. ഇപ്പോഴിതാ മലയാളത്തിന് നിരവധി സൂപ്പർഹിറ്റുകൾ സമ്മാനിച്ചിട്ടുള്ള സത്യൻ അന്തിക്കാട് സിനിമ കണ്ട ശേഷമുള്ള തന്റെ അഭിപ്രായം പങ്കുവച്ചിരിക്കുകയാണ്.

ഉച്ചമയക്കത്തിലെ സ്വപ്നം പോലെയൊരു സിനിമയെന്നാണ് സത്യൻ അന്തിക്കാട് നൻപകലിനെ പറ്റി ആദ്യം കുറിച്ചത്. പണ്ട് താൻ മഴവിൽക്കാവടിയുടെ ലൊക്കേഷൻ അന്വേഷിച്ച് നടന്ന കാലത്ത് പഴനിയിലെ ഗ്രാമങ്ങൾ താൻ കണ്ടിട്ടുണ്ടെന്നും ചോളാ വയലുകളും ഗ്രാമീണർ ഇട തിങ്ങി പാർക്കുന്ന കൊച്ചു വീടുകളും രാപ്പകളില്ലാത്ത അലയടിക്കുന്ന തമിഴ് പാട്ടുകളും എല്ലാം ലിജോ നന്നായി ഒപ്പിയെടുത്തെന്നും അദ്ദേഹം എഴുതി.

എത്ര സുന്ദരമായാണ് ലിജോ ജെയിംസിന്റെയും സുന്ദരത്തിന്റെയും കഥ പറഞ്ഞതെന്നും അദ്ദേഹം പങ്കുവച്ചു. മമ്മൂട്ടി എന്ന അതുല്യ നടന്റെ വിസ്മയിപ്പിക്കുന്ന പ്രകടനം വീണ്ടും കാണാൻ സാധിച്ചെന്ന് അദ്ദേഹം കുറിച്ചു. ജെയിംസിന്റെ നാടക വണ്ടിക്ക് പിന്നാലെ ഓടി പോകുന്ന വളർത്തു നായയുടെ ചിത്രം ഒരു നൊമ്പരമായി മനസ്സിലുണ്ടെന്നും സത്യൻ സിനിമയെ പറ്റി എഴുതിയ കുറിപ്പിൽ രേഖപ്പെടുത്തി. ലിജോയ്ക്കും മറ്റ് അണിയറ പ്രവർത്തർക്കും അഭിനന്ദനങ്ങളും സ്നേഹവും പങ്കുവെക്കുകയും ചെയ്തു.