സിനിമയിൽ ഒരു കഥാപാത്രം മികച്ചതായി ചെയ്താൽ ആ നടനെ അത്തരം വേഷങ്ങൾ പിന്നെയും തേടി വരുന്നത് പതിവായി കാണാറുള്ള ഒരു സംഭവം. ഇത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരുപാട് ട്രോളുകൾ ഏറ്റുവാങ്ങിയ ഒരു താരമാണ് നടൻ സന്തോഷ് കീഴാറ്റൂർ. ഫ്ലാഷ് ബാക്ക് രംഗങ്ങളിൽ സ്ഥിരമായി മരിക്കുന്ന കഥാപാത്രമായി സന്തോഷ് നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ളത്. അങ്ങനെ ട്രോളുകൾ ഏറ്റുവാങ്ങിയിട്ടുണ്ട്.
നാടകത്തിലൂടെ സിനിമയിലേക്ക് എത്തിയ താരമാണ് സന്തോഷ്. ആറാം വയസ്സിൽ നാടകത്തിൽ അരങ്ങേറിയ സന്തോഷ് പതിനാറാം വയസ്സിലാണ് സംഘ ചേതനയിൽ അംഗമാവുന്നത്. പിന്നീട് സന്തോഷ് സിനിമയിലേക്ക് എത്തുകയായിരുന്നു. ഈ കഴിഞ്ഞ ദിവസം ഫെഫ്ക സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ നടൻ മോഹൻലാലിന് ഒപ്പം ഒരു ഫോട്ടോ എടുത്തിരുന്നു. മോഹൻലാലിനെ കുറിച്ച് സന്തോഷ് കുറിച്ച വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
“എന്തൊരു സ്നേഹമാണ് ഈ മനുഷ്യന്.. ഇങ്ങനെ ചേർന്ന് നിൽക്കുമ്പോൾ കിട്ടുന്ന ആനന്ദം പറഞ്ഞറിയിക്കാൻ പറ്റില്ല.. കുറച്ച് സിനിമകളിൽ ചെറിയ രംഗങ്ങളിൽ മാത്രമേ ലാലേട്ടന്റെ കൂടെ അഭിനയിച്ചിട്ടുള്ളു.. എങ്കിലും എപ്പോൾ കണ്ടാലും വിശേഷങ്ങൾ ചോദിക്കുന്ന ലാലേട്ടന്റെ ആ വലിയ മനസ്സിനു മുന്നിൽ ദി കംപ്ലീറ്റ് ആക്ടർ ശ്രീ മോഹൻലാൽ, ഞങ്ങളുടെ സ്വന്തം ലാലേട്ടൻ.. ഫെഫ്ക ചലച്ചിത്ര തൊഴിലാളി സംഗമത്തിൽ..”, സന്തോഷ് പോസ്റ്റിന് ഒപ്പം കുറിച്ചു.
മോഹൻലാലിന് ഒപ്പം സന്തോഷ് നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലെ ആദ്യത്തെ നൂറ് കോടി ചിത്രമായ പുലിമുരുകനിൽ മോഹൻലാലിന്റെ അച്ഛന്റെ റോളിൽ അഭിനയിച്ചത് സന്തോഷ് ആയിരുന്നു. കനൽ എന്ന ചിത്രത്തിലാണ് മോഹൻലാലിന് ഒപ്പം സന്തോഷ് ആദ്യമായി അഭിനയിക്കുന്നത്. എന്നും എപ്പോഴും, ലോഹം, ഒടിയൻ, മരക്കാർ അറബികടലിന്റെ സിംഹം തുടങ്ങിയ മോഹൻലാൽ ചിത്രങ്ങളിൽ സന്തോഷും ഭാഗമായിട്ടുണ്ട്.