ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട കോമഡി റിയാലിറ്റി ഷോകളിൽ ഒന്നായ ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർസ് എന്ന പ്രോഗ്രാമിലൂടെ മലയാളികൾക്ക് സുപരിചിതനായ സഞ്ജിത് കല്ലറ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് മെഡിക്കൽ കോളേജിൽ വച്ച് ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. തിരുവനന്തപുരം കല്ലറ തണ്ണിയം കിഴക്കുംകര സ്വദേശിയാണ് സഞ്ജിത്. 38 വയസ്സ് ആയിരുന്നു.
കൊറോണകാലത്ത് ഒരു തവണ ഹൃദയാഘാതമുണ്ടായി ചികിത്സയിലായിരുന്നു. അതിൽ നിന്ന് അതിജീവിച്ച് വേദികളിൽ വീണ്ടും സജീവമായി തിളങ്ങി നിൽക്കുമ്പോഴാണ് കഴിഞ്ഞ ദിവസം പനി ബാധിച്ച് ആശുപത്രിയിൽ അഡ്മിറ്റ് ആവുകയും പിന്നീട് അറ്റാക്ക് ഉണ്ടായി മരണത്തിന് കീഴടങ്ങുകയും ആയിരുന്നു. മൃതദേഹം കല്ലറയിലുള്ള വീട്ടിലെത്തിച്ച് വൈകിട്ട് നാല് മണിയോടെ സംസ്കാരച്ചടങ്ങുകൾ നടത്തി.
2021-ലായിരുന്നു സഞ്ജിതിന്റെ വിവാഹം നടന്നത്. അഞ്ജു എന്നാണ് ഭാര്യയുടെ പേര്. മിമിക്രി വേദികളിൽ നിന്ന് സ്റ്റേജ് ഷോകളിലേക്ക് എത്തുകയും പിന്നീട് ടെലിവിഷൻ കോമഡി പ്രോഗ്രാമുകളിൽ പങ്കെടുക്കുകയും ചെയ്ത സഞ്ജിത് ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർസ് എന്ന പരിപാടിയിലൂടെയാണ് മലയാളികൾക്ക് സുപരിചിതനാകുന്നത്. ടെലിവിഷൻ പരമ്പരകളിലും സഞ്ജിത് അഭിനയിച്ചിട്ടുണ്ട്.
കോമഡി സ്റ്റാർസിലെ സീസൺ ത്രീയിലെ സഞ്ജിതിന്റെ ഏറെ ചിരിപ്പിച്ച ഒരു സ്കിറ്റ് ഉണ്ടായിരുന്നു. ടിക്-ടോക് മീശക്കാരനെ കളിയാക്കിയ ആ സ്കിറ്റ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. നിരവധി സ്കിറ്റുകളിലൂടെ പൊട്ടിച്ചിരിപ്പിച്ച സഞ്ജിത് ഇനി ഓർമ്മ മാത്രമാണെന്ന് പ്രേക്ഷകർക്ക് വിശ്വസിക്കാൻ സാധിക്കുന്നില്ല. സഹപ്രവർത്തകർ ഉൾപ്പടെയുള്ളവർ സഞ്ജിതിന്റെ വിയോഗത്തിൽ ഞെട്ടലിലാണ്.