എ.കെ ലോഹിതദാസിന്റെ തിരക്കഥയിൽ ഐവി ശശി സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രമായിരുന്നു മൃഗയ. ഹൈറേഞ്ചിലെ ഒരു ഗ്രാമത്തിൽ പുലി ഇറങ്ങുന്നതും അതിനെ പിടിക്കാൻ വേണ്ടി വാറുണ്ണി എന്ന കഥാപാത്രമായി മമ്മൂട്ടി എത്തുന്നതും തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് ആ സിനിമയിലുള്ളത്. 1989-ൽ ഇറങ്ങിയ മൃഗയ ഇന്നും പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള ഒരു സിനിമകളിൽ ഒന്നാണ്.
ആ സിനിമയിലെ വില്ലൻ വേഷങ്ങളിൽ ഒന്ന് അവതരിപ്പിച്ചത് നടൻ ഭീമൻ രഘു ആയിരുന്നു. കുഞ്ഞച്ചൻ എന്ന കഥാപാത്രത്തെയാണ് ഭീമൻ രഘു അവതരിപ്പിച്ചത്. സിനിമയിൽ കുഞ്ഞച്ചനെ പേപ്പട്ടി കടിച്ച ശേഷമുള്ള രംഗങ്ങൾ അതിഗംഭീരമായിട്ടാണ് ഭീമൻ രഘു അവതരിപ്പിച്ചത്. ആ സിനിമ തിയേറ്ററിൽ കണ്ടപ്പോഴുള്ള ഒരു അനുഭവം ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഭീമൻ രഘു വെളിപ്പെടുത്തിയിരിക്കുകയാണ്.
“മൃഗയ എന്ന സിനിമയിൽ പേപ്പട്ടി കടിക്കുന്ന ഒരു സംഭവമുണ്ട്. ഞാൻ സിനിമയിലെ മെയിൻ വില്ലൻ അല്ലെങ്കിൽ കൂടിയും ഒരു ശ്രദ്ധേയമായ വില്ലൻ വേഷം ചെയ്തിരുന്നു. അതിൽ ആ കഥാപാത്രത്തിനെ പട്ടി കടിക്കുന്ന ഒരു ഷോട്ടുണ്ട്. അത് പക്ഷേ ശശിയേട്ടൻ എന്നോട് ആദ്യം പറഞ്ഞിരുന്നില്ല. രണ്ട് ദിവസം മുമ്പാണ് എന്നോട് പറയുന്നത്. ഞാൻ ശശിയേട്ടനോട് എനിക്ക് ഒരു ദിവസം സമയം തരണമെന്ന് പറഞ്ഞു. അത്തരത്തിൽ ഒരാളെ നേരിട്ട് പോയി കണ്ടിട്ടാണ് ഞാൻ ആ വേഷം ചെയ്തത്.
അദ്ദേഹത്തിന്റെ ചില പെരുമാറ്റരീതി ഞാൻ അതിൽ ചെയ്തിട്ടുണ്ട്. അതൊരു വൻ വിജയമായിട്ട് മാറുകയും ചെയ്തു. അതിൽ വാറുണ്ണിയോട് പറയുന്നുണ്ട്, നീ സൂക്ഷിക്കണം തുപ്പൽ വീണാൽ പോലും നിനക്ക് അസുഖം വരുമെന്ന്.. അത് തിയേറ്ററിൽ ജനങ്ങൾ കണ്ടിട്ട് ഭയങ്കരമായി കരഞ്ഞു. ഞാൻ ആരും അറിയാതെ തിയേറ്ററിൽ കയറി അവിടെയിരുന്ന ആൾകാർ കരയുന്നത്, പെണ്ണുങ്ങൾ വരെ ഏങ്ങലടിച്ച് കരയുന്നത് ഞാൻ കണ്ടു..”, ഭീമൻ രഘു പറഞ്ഞു.