ഇന്ത്യക്കാരുടെ അഭിമാനമായ സാനിയ മിർസ ഈ അടുത്തിടെ പ്രൊഫഷണൽ ടെന്നീസിൽ നിന്ന് വിരമിച്ചത്. മുപ്പത്തിയാറുകാരിയായ സാനിയ 20 വർഷത്തോളം പ്രൊഫഷണൽ ടെന്നീസിൽ സജീവമായി നിന്നിരുന്നു. 2003-ൽ അരങ്ങേറിയ സാനിയ 2023 വരെ രാജ്യത്തിന് വേണ്ടി കളിച്ചു. ഡബിൾസിൽ ലോക ഒന്നാം നമ്പർ ആയിട്ടുണ്ട് താരം. ആറ് പ്രധാനപ്പെട്ട കിരീടവും സാനിയ തന്റെ കരിയറിൽ നേടിയിട്ടുണ്ട്.
കഴിഞ്ഞ മാസം ദുബായ് ടെന്നീസ് ചാംപ്യൻഷിപ്പിലാണ് സാനിയ അവസാനമായി കളിച്ചത്. അതിന് മുമ്പ് ഓസ്‌ട്രേലിയൻ ഓപ്പണിൽ മിക്സഡ് ഡബിൾസിൽ ഫൈനലിൽ എത്തിയിരുന്നു താരം. 2010-ൽ പാകിസ്ഥാൻ ക്രിക്കറ്റ് കളിക്കാരനായ ഷൊഹൈബ് മാലികുമായി താരം വിവാഹിതയാവുകയും ചെയ്തു. 2018-ൽ ഇരുവർക്കും ഒരു മകൻ ജനിച്ചിരുന്നു. ഇഷാൻ മിർസ മാലിക് എന്നാണ് മകന് ഇരുവരും നൽകിയ പേര്.
ടെന്നീസിൽ നിന്ന് വിരമിച്ച സാനിയ ആത്മീയ പാതയിലേക്ക് കടന്നിരിക്കുന്നു എന്നാണ് ഇപ്പോൾ മനസ്സിലാക്കാൻ കഴിയുന്നത്. പുണ്യ നഗരമായ മക്കയിൽ എത്തി ഉംറ നിര്‍വഹിച്ച ശേഷമുള്ള ചിത്രങ്ങൾ സാനിയ തന്റെ ആരാധകരുമായി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. കുടുംബ സമേതമാണ് സാനിയ ഉംറ നിര്‍വഹിക്കാന്‍ വേണ്ടി എത്തിയിരിക്കുന്നത്. എന്നാൽ ഷൊഹൈബ് ഒപ്പം ഇല്ലായിരുന്നു.
മകനും മാതാപിതാക്കളായ ഇമ്രാൻ മിർസ, നസീമയും സഹോദരി അനാം മിർസ, സഹോദരി ഭർത്താവും ഇന്ത്യൻ ക്രിക്കറ്ററുമായ മുഹമ്മദ് അസദുദ്ദീന്‍(മുഹമ്മദ് അസഹറുദ്ദീന്റെ മകൻ) എന്നിവർക്ക് ഒപ്പമാണ് സാനിയ സൗദി അറേബ്യയിലെ മദിനയിൽ എത്തിയത്. “അല്ലാഹുവിന് നന്ദി, അല്ലാഹു നമ്മുടെ പ്രാർത്ഥന സ്വീകരിക്കട്ടെ..”, എന്ന ക്യാപ്ഷനോടെയാണ് സാനിയ തന്റെ ഫോട്ടോസ് പങ്കുവച്ചിരിക്കുന്നത്.