മലയാളികൾക്ക് ഏറെ പ്രിയങ്കരിയും ഇഷ്ടപ്പെട്ടതുമായ ഒരു അഭിനയത്രിയാണ് നടി സംവൃത സുനിൽ. അഭിനയ ജീവിതത്തിൽ യാതൊരു ഗോസിപ്പുകളും കേൾപ്പിക്കാത്ത സംവൃതയെ പ്രേക്ഷകർ ഇഷ്ടപ്പെടാനുള്ള പ്രധാന കാരണവും അത് തന്നെയാണെന്ന് പറയേണ്ടി വരും. വിവാഹ ജീവിതം ആരംഭിച്ച ശേഷം സിനിമ മേഖലയിൽ നിന്ന് സംവൃത വിട്ടുനിൽക്കുകയും ചെയ്തു. എട്ട് വർഷത്തോളം സിനിമയിൽ വളരെ സജീവമായി നിന്നു.
അമേരിക്കയിൽ എഞ്ചിനീയറായ അഖിൽ ജയരാജുമായിട്ടാണ് സംവൃത 2012-ൽ വിവാഹിതയാകുന്നത്. താരത്തിന് രണ്ട് ആൺമക്കളാണ് ഉള്ളത്. അഗസ്ത്യ, രുദ്ര എന്നിങ്ങനെയാണ് മക്കളുടെ പേരുകൾ. 2019-ൽ സംവൃത ബിജു മേനോന്റെ നായികയായി സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്ന സിനിമയിൽ അഭിനയിച്ചിരുന്നു. ആ ഒരു സിനിമ മാത്രമായിരുന്നു സംവൃത തിരിച്ചുവരവിൽ ചെയ്തിട്ടുണ്ടായിരുന്നത്.
വിവാഹിതയായ ശേഷം അമേരിക്കയിലാണ് സംവൃത താമസിക്കുന്നത്. ഇടയ്ക്ക് അവധിക്ക് നാട്ടിലൊക്കെ വരാറുണ്ട് സംവൃത. ഇപ്പോഴിതാ അമേരിക്കയിൽ ഭർത്താവിനും കുടുംബത്തിനും ഒപ്പം സംവൃത വിഷു ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ്. അനിയത്തി സഞ്ജുക്ത സുനിലും ഒപ്പമുണ്ടായിരുന്നു. സംവൃതയുടെ തലമുടി കെട്ടി കൊടുക്കുന്ന അഖിലിന്റെ ഒരു ഫോട്ടോയും പങ്കുവച്ചിട്ടുണ്ട്.
എന്തൊരു ക്യൂട്ട് ജോഡി എന്നും ആ ഫോട്ടോ മനസ്സ് കീഴടക്കി എന്നുമൊക്കെ ആരാധകർ സംവൃതയുടെ പോസ്റ്റിന് താഴെ കമന്റ് ഇട്ടിരിക്കുന്നത്. പലരും സംവൃതയ്ക്ക് തിരിച്ചും വിഷു ആശംസിച്ചിട്ടുണ്ട്. സെറ്റ് മുണ്ടും കസവ് ബ്ലൗസും ധരിച്ച് ട്രഡീഷണൽ ലുക്കിലാണ് സംവൃതയും അനിയത്തിയും തിളങ്ങിയത്. ഇത് കൂടാതെ മക്കൾ കണിയൊരുക്കിയത് നോക്കിയിരിക്കുന്ന ഒരു ഫോട്ടോയും സ്റ്റോറിയായി സംവൃത പങ്കുവച്ചിട്ടുണ്ട്.