‘നാട്ടിൽ വന്ന സ്ഥിതിക്ക് ഒരു സിനിമ ചെയ്തൂടെ! മീര നന്ദന്റെ വിവാഹ റിസപ്ഷന് ഒരുങ്ങി നടി സംവൃത..’ – ഫോട്ടോസ് വൈറൽ

രസികൻ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി സംവൃത സുനിൽ. ദിലീപിന്റെ നായികയായി തുടങ്ങിയ സംവൃത പിന്നീട് നിരവധി സിനിമകളിൽ നായികയായി അഭിനയിച്ചു. പിന്നീട് ചന്ദ്രോത്സവം എന്ന സിനിമയിലൂടെ ശ്രദ്ധനേടിയ സംവൃത സഹനടിയായും ഒരുപാട് സിനിമകളിൽ തിളങ്ങി. സിനിമയിൽ അഭിനയിച്ച തിളങ്ങി നിൽക്കുമ്പോഴായിരുന്നു സംവൃതയുടെ വിവാഹം നടന്നത്.

അതോടെ സിനിമയിൽ നിന്ന് ബ്രേക്ക് എടുത്ത് സംവൃത അമേരിക്കയിലേക്ക് പോവുകയും ചെയ്തു. സംവൃതയുടെ ഭർത്താവ് അമേരിക്കയിലാണ് ജോലി ചെയ്യുന്നത്. രണ്ട് മക്കളാണ് താരത്തിനുള്ളത്. 2012-ന് ശേഷം 2019-ൽ സംവൃത മലയാള സിനിമയിൽ തിരിച്ചുവരവ് നടത്തി. പിന്നീട് വീണ്ടും കുടുംബത്തിന് ഒപ്പം തന്നെ നിൽക്കുകയാണ് ചെയ്തത്. ഈ അടുത്തിടെ സംവൃത തന്റെ ജന്മനാട്ടിൽ തിരിച്ച് എത്തിയിരുന്നു.

താരസംഘടനയായ അമ്മയുടെ ജനറൽ ബോഡി മീറ്റിംഗിൽ പങ്കെടുത്തതിന്റെ ചിത്രങ്ങൾ സംവൃത പങ്കുവച്ചിട്ടുണ്ടായിരുന്നു. ഇതിന് പിന്നാലെ ഇപ്പോഴിതാ സംവൃത കുടുംബത്തിന് ഒപ്പം കൊച്ചിയിൽ സമയം ചിലവഴിക്കുന്ന ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. സിനിമയിലെ തന്നെ തന്റെ പ്രിയപ്പെട്ട സുഹൃത്തിന്റെ വിവാഹ റിസപ്ഷനിൽ പങ്കെടുക്കാൻ വേണ്ടിയാണ് സംവൃത കുടുംബത്തിന് ഒപ്പം എത്തിയത്.

ഭർത്താവ് അഖിലിനും അച്ഛനും ഒപ്പമുള്ള ഫോട്ടോസാണ് സംവൃത പങ്കുവച്ചിട്ടുള്ളത്. “മീര നന്ദന്റെ വിവാഹ സൽക്കാരത്തിനായി എല്ലാവരും അണിഞ്ഞൊരുങ്ങി! മീരയ്ക്കും ശ്രീജുവിനും വളരെ സന്തോഷകരമായ ദാമ്പത്യ ജീവിതം ആശംസിക്കുന്നു..”, ഇതായിരുന്നു സംവൃത ചിത്രത്തോടൊപ്പം കുറിച്ചിട്ടുണ്ടായിരുന്നത്. ഒരുപാട് പേർ സംവൃതയുടെ പോസ്റ്റിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്. നാട്ടിൽ വന്ന സ്ഥിതിക്ക് ഒരു സിനിമ ചെയ്തുകൂടെ എന്നാണ് ആരാധകരുടെ ആവശ്യം.