തെന്നിന്ത്യൻ താരസുന്ദരി സാമന്ത നായികയായി എത്തുന്ന പുതിയ ചിത്രമാണ് ശാകുന്തളം. കാളിദാസിന്റെ അഭിജ്ഞാന ശാകുന്തളത്തിലെ ശകുന്തളയായി സാമന്ത അഭിനയിക്കുന്ന ചിത്രത്തിന്റെ സംവിധായകൻ ഗുണശേഖർ ആണ്. നീലിമ ഗുണയുടെ ചിത്രത്തിന്റെ നിർമ്മാതാവ്. ഏറെ പ്രതീക്ഷയോടെ സാമന്തയുടെ ആരാധകർ കാത്തിരിക്കുന്ന ഒരു ചിത്രം കൂടിയാണ് ശാകുന്തളം. 80 കോടിയാണ് ബഡ്ജറ്റ്.
ശകുന്തളയായി സാമന്ത എത്തുമ്പോൾ ദുഷ്യന്തനായി അഭിനയിക്കുന്ന മലയാളി താരമായ ദേവ് മോഹൻ ആണ്. ഏപ്രിൽ പതിനാലിനാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ മല്ലികേ മല്ലികേ എന്ന ഗാനത്തിന്റെ ഒരു മിനിറ്റ് വീഡിയോ ആരാധകർ പുറത്തുവിട്ടിരിക്കുകയാണ്. ട്രെയിലറും ലിറിക്കൽ വീഡിയോസും നേരത്തെ തന്നെ ഇറങ്ങിയിരുന്നു.
ഗാനത്തിന്റെ വീഡിയോയിൽ ഉടനീളം സാമന്തയെ തന്നെയാണ് കാണിച്ചിരിക്കുന്നത്. സാമന്തയുടെ സൗന്ദര്യത്തിന് മുന്നിൽ പാട്ട് ശ്രദ്ധിക്കാതെ ആരായാലും നോക്കി നിന്ന് പോകും. ശകുന്തളയാകാൻ ഇതിലും മികച്ചയൊരാളെ കിട്ടില്ലെന്ന് വീഡിയോ കണ്ടാൽ ഉറപ്പിക്കാൻ കഴിയും. തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിൽ ഇറങ്ങുന്ന ചിത്രത്തിന്റെ ഇപ്പോൾ പുറത്തിറങ്ങിയ ഗാനവും എല്ലാ ഭാഷയിലും ഇറങ്ങിയിട്ടുണ്ട്.
മണി ശർമ്മയുടെ സംഗീതത്തിൽ രമ്യ ബെഹറയാണ് ഗാനം ആലപിച്ചിരിക്കുന്നത്. കൈലാസ് രാശിയാണ് വരികൾ എഴുതിരിക്കുന്നത്. ഹൈദരാബാദിലാണ് സിനിമയുടെ മിക്ക ഭാഗങ്ങളും ചിത്രീകരിച്ചത്. 2021-ലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. സച്ചിൻ ഖേദകർ, മോഹൻ ബാബു, അദിതി ബാലൻ, പ്രകാശ് രാജ്, ഗൗതമി, മാധൂ, അനന്യ നാഗല്ല, കബീർ ബേദി തുടങ്ങിയ താരങ്ങൾ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.